ധോണിയോ, കോലിയോ?? ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്‌റ്റൻ ആര് ? മറുപടിയുമായി ഹിറ്റ്‌മാൻ

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2020 (11:17 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് രോഹിത് ശർമ്മ. ഒരു സ്വകാര്യ ചാനലിന് നൽകിയ ചാറ്റ് ഷോയിലാണ് ഇന്ത്യൻ ഉപനായകന്റെ വെളിപ്പെടുത്തൽ. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച നായകനാണ് എം എസ് ധോണി. ഗ്രൗണ്ടിൽ എങ്ങനെ തീരുമാനങ്ങളെടുക്കാമെന്ന് അദ്ദേഹത്തെ കണ്ടുപഠിക്കേണ്ടതുണ്ടെതുണ്ട് അതാണ് ധോണിയെ വ്യത്യസ്തനാക്കുന്നത് രോഹിത് പറഞ്ഞു.
 
പ്രതിസന്ധിഘട്ടങ്ങളിൽ പോലും സമ്മർദ്ദം ധോണിയിൽ കാണാത്തതിനാൽ ക്യാപ്‌റ്റൻ കൂൾ എന്നാണ് മുൻ ഇന്ത്യൻ നായകനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ടീമിൽ നിരവധി യുവതാരങ്ങൾക്ക് അവസരം നൽകിയത് ധോണിയാണ്. കൂടാതെ തന്റെ കരിയറിലും വഴിത്തിരിവായതും ധോണിയാണെന്ന് രോഹിത് പറഞ്ഞു. മധ്യനിര ബാറ്റ്സ്മാനായിരുന്ന രോഹിത്തിനെ ഓപ്പണറാക്കി ധോണി പരീക്ഷിച്ചതാണ് രോഹിത്തിന്റെ ഭാവിയിൽ നിർണായകമായത്.
 
ന്യൂസിലൻഡ് പര്യടനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് നിലവിൽ വിശ്രമത്തിലാണ് ഇന്ത്യൻ ഉപനായകൻ. അതേസമയം ധോണിയാവട്ടെ ഇംഗ്ലണ്ട് ലോകകപ്പ് സെമിക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇത്തവണത്തെ ഐ‌പിഎൽ ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവിൽ നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍