ഇന്ത്യയിലെ സ്പിൻ പിച്ചുകൾ വലിയ വെല്ലുവിളി, തോറ്റാൽ ബാസ്ബോൾ ഉപേക്ഷിക്കേണ്ടി വരും: മക്കല്ലം

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (18:35 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ ശൈലിമാറ്റവുമായെത്തിയ ബാസ് ബോള്‍ രീതി വിജയമാണോ എന്ന കാര്യം ഇന്ത്യന്‍ പര്യടനത്തില്‍ വ്യക്തമാവുമെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം. ഇംഗ്ലണ്ട് പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ടെസ്റ്റിലും ആക്രമണോത്സുകമായ ശൈലിയാണ് ഇംഗ്ലണ്ട് പിന്തുടരുന്നത്. ഇതുവഴി വലിയ വിജയങ്ങള്‍ നേടാന്‍ ഇംഗ്ലണ്ടിനായിട്ടുണ്ടെങ്കിലും സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ ബാസ് ബോള്‍ ശൈലി നടപ്പാവില്ലെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മക്കല്ലത്തിന്റെ പ്രതികരണം.
 
അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി അടുത്തമാസമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുന്നത്. സ്പിന്‍ പിച്ചാണെങ്കിലും ഇന്ത്യയിലും ബാസ്‌ബോള്‍ ശൈലി തന്നെ ഇംഗ്ലണ്ട് പിന്തുടരുമെന്നാണ് അറിയുന്നത്. ബാസ്‌ബോളിലൂടെ അവിശ്വസനീയമായ വിജയങ്ങള്‍ പലതും നേടിയിട്ടുണ്ടെങ്കിലും ബാസ്‌ബോള്‍ യഥാര്‍ഥ വെല്ലുവിളി നേടിടാന്‍ പോകുന്നത് ഇന്ത്യയിലാകും. ഇന്ത്യയുടെ സ്പിന്‍ കരുത്തിനെ അതിജീവിക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടിന് ബാസ്‌ബോള്‍ ശൈലി ഉപേക്ഷിക്കേണ്ടതായി വരുമെന്ന് മക്കല്ലം തന്നെയാണ് വ്യക്തമാക്കിയത്. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് തുടക്കമാവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article