T20 Worldcup Indian Team: ടോപ് ഓർഡറിൽ ആളെ വേണ്ട, സഞ്ജുവിനെ വീണ്ടും തഴഞ്ഞേക്കും, ബാക്കപ്പ് കീപ്പറായി രാഹുലോ?

അഭിറാം മനോഹർ
ചൊവ്വ, 30 ഏപ്രില്‍ 2024 (12:56 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളില്‍ അധികവും സഞ്ജു ടീമിലുണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ വേണമെന്ന അഭിപ്രായമാണ് സെലക്റ്റര്‍മാരില്‍ നിന്നും ഉണ്ടായതെങ്കിലും ടീം മാനേജ്‌മെന്റിന് തീരുമാനത്തോട് വിയോജിപ്പുണ്ടെന്ന വാര്‍ത്തകളാണ് വരുന്നത്.
 
ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിനേക്കാള്‍ നിലവില്‍ ടീമിനാവശ്യം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ലോകകപ്പില്‍ അത്തരത്തിലുള്ള വിക്കറ്റ് കീപ്പര്‍ മതിയെന്നാണ് ടീം മാനേജ്‌മെന്റിന്റെ പക്ഷം. ടി20യില്‍ അഞ്ചാം സ്ഥാനത്ത് കളിക്കുന്ന പന്തിന് ഇതോടെ ടീമിലെ സ്ഥാനം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഈ കടും വാശി ബാക്കപ്പ് കീപ്പറാകാനുള്ള സഞ്ജുവിന്റെ സാധ്യതകളെയും ഇല്ലാതെയാക്കുന്നതാണ്.
 
പന്തിന് പുറമെ ധ്രുവ് ജുറല്‍,ജിതേഷ് ശര്‍മ എന്നീ കീപ്പര്‍മാരാണ് നിലവില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റിംഗിനിറങ്ങുന്നത്. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ സെലക്ഷനില്‍ ഉള്‍പ്പെടില്ല. ഇടം കയ്യനാണ് എന്നതും ലോവര്‍ ഓഡര്‍ ബാറ്ററാണ് എന്നതും പന്തിന് അനുകൂലഘടകമാണ്. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ വാശിപിടിക്കുകയാണെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പെടൂമെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ തീരുമാനം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കും. ഇത് ഒഴിവാക്കാനായി പന്തിനെ കീപ്പറായി നിലനിര്‍ത്തി ബാക്കപ്പായി സഞ്ജുവിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article