ധോണിക്ക് യുവിയോട് കടുത്ത അമര്‍ഷമോ ?; യുവരാജിനെ തഴഞ്ഞ് ക്രീസിലെത്തുന്ന ധോണിയും റെയ്‌നയും ലക്ഷ്യം വെക്കുന്നത് ട്വന്റി-20 ലോകകപ്പിലെ സ്‌ഥാനം

വെള്ളി, 29 ജനുവരി 2016 (18:21 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗിനെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ട്വന്റി-20 മത്സരത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും ബാറ്റിംഗിന് ഇറക്കിയില്ല. ആദ്യ മത്സരത്തില്‍ യുവിയുടെ വെടിക്കെട്ട് കാണാനെത്തിയ ആരാധകര്‍ക്ക് രണ്ടാം മത്സരത്തിലും അത് കാണാന്‍ സാധിച്ചില്ല.

ആദ്യമത്സരത്തില്‍ ശിഖര്‍ ധാവാന്‍ പുറത്തായ ശേഷം യുവരാജ് ക്രീസിലെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ധവാന്‍ പുറത്തായതോടെ സുരേഷ് റെയ്‌നയെ ധോണി ക്രീസിലെത്തിക്കുകയായിരുന്നു. പിന്നീട് ധോണി ക്രീസിലെത്തിയെങ്കിലും യുവരാജിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

രണ്ടാം മത്സരത്തിലും യുവരാജ് കൂടാരത്തില്‍ തന്നെയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്നും യുവി ക്രീസിലെത്തില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ധവാനും പുറത്തായതിന് പിന്നാലെ കോഹ്‌ലി എത്തുകയും രോഹിത് പുറത്തായ ശേഷം ധോണിയും എത്തിയതോടെ ആദ്യ മത്സരത്തിന്റെ ആവര്‍ത്തനമെന്ന് എല്ലാവരും കരുതുകയായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ധോണി പുറത്തായപ്പോള്‍ യുവരാജ് എത്തുമെന്ന് കരുതിയെങ്കിലും എത്തിയത് സുരേഷ് റെയ്‌നയാണ്.

രണ്ടാം മത്സരത്തിലും യുവരാജിനെ നേരത്തെ ബാറ്റിംഗിന് ഇറക്കാത്തതിന് കാരണം ട്വന്റി-20 ലോകകപ്പാണെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ടീമില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മങ്ങിയ ഫോമില്‍ കളിക്കുന്ന ധോണിക്കും റെയ്‌നയ്‌ക്കും മികച്ച ഫോം കണ്ടെത്താനും ടീമില്‍ നിലയുറപ്പിക്കാനുമാണ് യുവരാജിനെ തഴഞ്ഞ് ക്രീസിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. യുവരാജിന് അവസരം നല്‍കിയാല്‍ അദ്ദേഹം തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമോ എന്ന ഭയവും ധോണിയില്‍ ഉണ്ടെന്നാണ് ആരാധകര്‍ കരുതുന്നത്

വെബ്ദുനിയ വായിക്കുക