ധോണിക്ക് മാത്രമല്ല കോഹ്‌ലിക്കും ഇത് സാധിക്കും; ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

ബുധന്‍, 17 ഓഗസ്റ്റ് 2016 (17:00 IST)
ഓസ്‌ട്രേലിയയെ മറികടന്ന് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസീസിനെതിരെ ടെസ്റ്റ് പരമ്പര 3-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്‌റ്റും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ സാധിക്കൂ.

പാകിസ്ഥാനാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ഓസീസ് (108) മൂന്നാം സ്ഥാനത്തേക്കും ഇംഗ്ലണ്ട് (108) നാലാം സ്ഥാനത്തേക്കും വീണു. പുതിയ റാങ്കിംഗ് അനുസരിച്ച് ഇന്ത്യക്ക് 112 പോയിന്റും പാകിസ്ഥാന് 111 പോയിന്റുമാണുള്ളത്.

വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് ടെസ്റ്റ് സമനിലയിലായാല്‍ 110 പോയിന്റോടെ രണ്ടാം സ്ഥാനത്തും തോറ്റാല്‍ 108 പോയിന്റോടെ നാലാം സ്ഥാനത്തുമാകും ഇന്ത്യ. പകരം പാകിസ്ഥാന്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറും.

മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലുള്ള ഇന്ത്യന്‍ ടെസ്‌റ്റ് ടീം നേരത്തെ ഒന്നാം റാങ്കില്‍ എത്തിയിരുന്നു. സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ അടക്കമുള്ള വമ്പന്മാര്‍ ടീമില്‍ ഉള്ള സമയത്തായിരുന്നു ഈ നേട്ടം. എന്നാല്‍, യുവാക്കള്‍ നിറഞ്ഞ ഇപ്പോഴത്തെ ടീം ഒന്നാം റാങ്കില്‍ എത്തിയതോടെ വിരാട് കോഹ്‌ലിയുടെ നായകമികവിന് ഒരു കൈയടി കൂടി ലഭിക്കും.

വെബ്ദുനിയ വായിക്കുക