Axar Patel vs Ravindra Jadeja: എക്‌സ്പീരിയന്‍സ് ഉണ്ടെന്നു കരുതി ലോകകപ്പ് ടീമില്‍ കയറാന്‍ പറ്റുമെന്ന് കരുതണ്ട; ജഡേജയ്ക്ക് ഭീഷണിയായി അക്ഷര്‍

രേണുക വേണു

ചൊവ്വ, 16 ജനുവരി 2024 (16:28 IST)
Axar Patel and Ravindra Jadeja

Axar Patel vs Ravindra Jadeja: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ പിന്നിലാക്കി അക്ഷര്‍ പട്ടേല്‍ സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ജഡേജയേക്കാള്‍ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ആണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 
 
വ്യത്യസ്തമായ രീതികളില്‍ പന്തെറിയാനുള്ള കഴിവും ഏത് നമ്പറില്‍ വേണമെങ്കിലും ബാറ്റ് ചെയ്യാനുള്ള പ്രാപ്തിയും അക്ഷറിന് ഉണ്ടെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. എക്‌സ്പീരിയന്‍സ് മാത്രം നോക്കി ജഡേജയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ട ആവശ്യം നിലവില്‍ ഇല്ലെന്നും ടീം മാനേജ്‌മെന്റ് നിലപാടെടുത്തിട്ടുണ്ട്. 
 
ജഡേജയെ പോലെ ഒരൊറ്റ രീതിയില്‍ മാത്രം പന്തുകള്‍ എറിയുന്ന ബൗളറല്ല അക്ഷര്‍. പല തരത്തിലുള്ള ബോളുകള്‍ അക്ഷര്‍ പരീക്ഷിക്കുന്നു. പവര്‍പ്ലേയില്‍ പോലും അക്ഷറിന് വിശ്വസിച്ചു പന്ത് കൊടുക്കാം. ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല വിദേശ പിച്ചുകളിലും അക്ഷര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഏത് പൊസിഷനില്‍ ഇറങ്ങി ബാറ്റ് ചെയ്യാനും അക്ഷറിനു സാധിക്കുന്നു. ട്വന്റി 20 യില്‍ പവര്‍ ഹിറ്റര്‍ എന്ന നിലയിലും അക്ഷര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അക്ഷര്‍ തന്നെ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തല്‍. 
 
ട്വന്റി 20 കരിയറില്‍ 52 മത്സരങ്ങളാണ് അക്ഷര്‍ കളിച്ചിട്ടുള്ളത്. 31 ഇന്നിങ്‌സുകളില്‍ നിന്നായി 19 ശരാശരിയില്‍ 361 റണ്‍സ് നേടിയിട്ടുണ്ട്. 144.4 ആണ് സ്‌ട്രൈക്ക് റേറ്റ്. ബൗളിങ്ങില്‍ 50 ഇന്നിങ്‌സുകളില്‍ നിന്നായി 7.27 ഇക്കോണമിയില്‍ 49 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 
 
മറുവശത്ത് ജഡേജയുടെ കണക്കുകളിലേക്ക് വന്നാല്‍ 36 ഇന്നിങ്‌സുകളില്‍ നിന്നായി 22.86 ശരാശരിയില്‍ 480 റണ്‍സാണ് നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് വെറും 125.33 മാത്രമാണ്. ബൗളിങ്ങില്‍ 64 ഇന്നിങ്‌സുകളില്‍ നിന്ന് 7.1 ഇക്കോണമിയില്‍ 53 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍