Shubman Gill: 'അടുത്ത കോലി'ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല; ഗില്ലിന് ഭീഷണിയായി ജയ്‌സ്വാള്‍, ലോകകപ്പ് ടീമില്‍ ആരെത്തും?

രേണുക വേണു

ചൊവ്വ, 16 ജനുവരി 2024 (10:29 IST)
Jaiswal and Gill

Shubman Gill: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന ഓപ്പണറായി ആരെത്തും? അടുത്ത കോലിയെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ശുഭ്മാന്‍ ഗില്ലിന് ആയിരുന്നു കൂടുതല്‍ സാധ്യതയെങ്കിലും ഇപ്പോള്‍ അത് തുലാസില്‍ ആണ്. സമീപകാലത്ത് ട്വന്റി 20 ഫോര്‍മാറ്റില്‍ ഗില്‍ നിറം മങ്ങിയതും ഇടംകൈയന്‍ ബാറ്ററായ യഷസ്വി ജയ്‌സ്വാള്‍ മികച്ച പ്രകടനം തുടരുന്നതുമാണ് അതിനു കാരണം. ടി20 ഫോര്‍മാറ്റില്‍ ജയ്‌സ്വാള്‍ ഗില്ലിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിന്റെ സൂചനയാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര. 
 
ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഗില്ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ചെറിയൊരു പരുക്കിനെ തുടര്‍ന്ന് ജയ്‌സ്വാളിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ട്വന്റി 20 മത്സരത്തിലേക്ക് എത്തിയപ്പോള്‍ ഗില്‍ പുറത്തും ജയ്‌സ്വാള്‍ അകത്തും ! പരുക്ക് ഇല്ലായിരുന്നെങ്കില്‍ ജയ്‌സ്വാള്‍ ആദ്യ ട്വന്റി 20 മത്സരവും കളിക്കുമായിരുന്നു. മാത്രമല്ല രണ്ടാം മത്സരത്തില്‍ അഞ്ച് ഫോറും ആറ് സിക്‌സുകളും സഹിതം 34 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ജയ്‌സ്വാള്‍ ഇന്ത്യയുടെ ടോപ് സ്‌കോററുമായി. 
 
ഇടംകൈയന്‍ ബാറ്റര്‍ ആണെന്നതും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്തുന്നു എന്നതും ജയ്‌സ്വാളിന് മുന്‍തൂക്കം നല്‍കുന്നു. പവര്‍പ്ലേയില്‍ കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കാത്ത താരമാണ് ഗില്‍. തുടക്കത്തില്‍ കുറച്ച് പന്തുകള്‍ നേരിട്ട ശേഷം മാത്രമേ ട്വന്റി 20 യില്‍ ഗില്‍ ബാറ്റിങ് ശൈലി മാറ്റൂ. എന്നാല്‍ ജയ്‌സ്വാള്‍ നേരെ തിരിച്ചാണ്. ഫോര്‍മാറ്റിന്റെ സ്വഭാവം മനസിലാക്കി തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലി. ഇങ്ങനെയൊരു ബാറ്ററെയാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ആവശ്യമുള്ളതും. 
 
16 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 35.57 ശരാശരിയില്‍ 163.81 സ്‌ട്രൈക്ക് റേറ്റോടെ 498 റണ്‍സ് ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ആകട്ടെ 14 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 25.77 ശരാശരിയില്‍ 335 റണ്‍സ് മാത്രമാണ് ഇതുവരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 147.58 മാത്രമാണ്. ജയ്‌സ്വാളിനേക്കാള്‍ വളരെ താഴെയാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ ഗില്ലിന്റെ പ്രകടനം. ഈ കണക്കുകളെല്ലാം ലോകകപ്പ് ടീം സെലക്ഷനിലേക്ക് എത്തുമ്പോള്‍ ഗില്ലിന് തിരിച്ചടിയാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍