ഇന്ത്യൻ മധ്യനിരയിൽ ഏറ്റവും ആശ്രയിക്കാവുന്ന താരം താൻ തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിച്ച് സൂര്യകുമാർ യാദവ്.വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ റണ്‍ചേസില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടിയപ്പോള്‍ സൂര്യ പുറത്താവാതെ36 പന്തിൽ 34 റണ്‍സെടുത്തിരുന്നു. ഈ പ്രകടനത്തോടെ ഒരു റെക്കോഡ് സ്വന്തം പേരിൽ എഴുതിചേർത്തിരിക്കുകയാണ് താരം.
സൂര്യയുടെ കരിയറിലെ അഞ്ചാമത്തെ മാത്രം ഏകദിനമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തിലെ 34 റൺസ് പ്രകടനത്തോടെ ഏകദിനത്തില്‍ ആദ്യം കളിച്ച അഞ്ചു മല്‍സരങ്ങളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യത്തെ ഇന്ത്യന്‍ താരമായി സൂര്യ മാറി. കഴിഞ്ഞ വർഷം ശ്രീലങ്കക്കെതിരെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം.
ആദ്യ കളിയിൽ പുറത്താവാതെ 31 റൺസ് നേടിയ സൂര്യ അടുത്ത മത്സരത്തിൽ തന്റെ ആദ്യ ഫിഫ്‌റ്റിയും സ്വന്തമാക്കി.ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ഏകദിനമത്സരത്തിൽ കളത്തിലിറങ്ങിയ സൂര്യ 39 റൺസ് നേടി.അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ വീണ്ടുമൊരു 30 പ്ലസ് സ്‌കോറുമായി സൂര്യ മിന്നിച്ചിരിക്കുകയാണ്.