ഏകദിനത്തില്‍ ഞാന്‍ മോശമാണ്, അത് സമ്മതിക്കുന്നതില്‍ എനിക്ക് നാണക്കേടൊന്നും ഇല്ല: സൂര്യകുമാര്‍ യാദവ്

വ്യാഴം, 10 ഓഗസ്റ്റ് 2023 (11:46 IST)
ഏകദിന ഫോര്‍മാറ്റില്‍ തന്റെ പ്രകടനം അത്ര നല്ലതല്ലെന്ന് തുറന്നുസമ്മതിച്ച് സൂര്യകുമാര്‍ യാദവ്. ഏകദിനത്തില്‍ മോശം പ്രകടനമാണ് നടത്തുന്നതെന്ന് പറയാന്‍ തനിക്ക് നാണക്കേടൊന്നും ഇല്ലെന്നും സൂര്യ പറഞ്ഞു. 
 
ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 26 മത്സരങ്ങളാണ് സൂര്യകുമാര്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ബാറ്റിങ് ശരാശരി വെറും 24.33 ആണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ 19, 24, 35 എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോര്‍. മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് തവണ സൂര്യകുമാര്‍ ആദ്യ ബോളില്‍ പുറത്താകുകയും ചെയ്തിരുന്നു. 
 
' ഞങ്ങള്‍ ട്വന്റി 20 മത്സരങ്ങളാണ് കൂടുതല്‍ കളിക്കുന്നത്. ഏകദിന ഫോര്‍മാറ്റ് മത്സരങ്ങള്‍ അധികം കളിക്കാറില്ല. എന്നെ സംബന്ധിച്ചിടുത്തോളം ഏകദിന ഫോര്‍മാറ്റ് വെല്ലുവിളി നിറഞ്ഞതാണ്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായാല്‍ ടെസ്റ്റിലെ പോലെ നന്നായി സമയമെടുത്ത് ഉറച്ചുനില്‍ക്കണം. അവസാനത്തില്‍ മാത്രമാണ് ട്വന്റി 20 പോലെ ആക്രമിച്ചു കളിക്കേണ്ടത്,' 
 
' സത്യസന്ധമായി പറഞ്ഞാല്‍ ഏകദിനത്തിലെ എന്റെ പ്രകടനം വളരെ മോശമാണ്. അത് തുറന്നു സമ്മതിക്കുന്നതില്‍ എനിക്ക് നാണക്കേടില്ല. സത്യസന്ധമായിരിക്കുക എന്നുള്ളതാണ് പ്രധാനം, സ്വയം മെച്ചപ്പെടുക എന്നതും വലിയ കാര്യമാണ്. ഏകദിനത്തില്‍ ഞാന്‍ നന്നായി പരിശീലനം നടത്തണം, എനിക്ക് എന്താണ് ഈ ഫോര്‍മാറ്റില്‍ ചെയ്യാന്‍ സാധിക്കുകയെന്ന് ചിന്തിക്കണം.' സൂര്യകുമാര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍