ധോണിയുടെ ഇഷ്‌ടക്കാരനെ കോഹ്‌ലി ടീമില്‍ നിന്ന് പുറത്താക്കിയേക്കും; പഴയ പുലിക്ക് സെവാഗിന്റെ ഗതിയോ ?!

ബുധന്‍, 25 ജനുവരി 2017 (14:45 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം ട്വന്റി-20 ടീമിലേക്ക് എത്തിയ സുരേഷ് റെയ്‌ന സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയില്‍. മഹേന്ദ്ര സിംഗ് ധോണി നായക സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയതാണ് റെയ്‌നയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ താരത്തിന്റെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നാണ് സൂചന.

റെയ്‌നയെ എന്നും തുണച്ചിരുന്ന ധോണിക്ക് ടീമിലെ പിടി അയയുകയാണ്. പുതുമുഖങ്ങള്‍ക്കും മികച്ച പ്രകടനം നടത്തുന്നവര്‍ക്കും അതീവ പ്രാധാന്യം നല്‍കുന്ന കോഹ്‌ലി ആര്‍ക്കും കൂടുതല്‍ പരിഗണന നല്‍കില്ല. കേദാര്‍ ജാദാവ്, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവര്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നത് റെയ്‌നയ്‌ക്ക് തിരിച്ചടിയാണ്.

ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് റെയ്‌നയ്‌ക്ക് തിരിച്ചടിയാണ്. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍‌സ് ട്രോഫി ലക്ഷ്യംവച്ചാണ് ടീമിനെ കോഹ്‌ലി മെനയുന്നത്. ഈ സാഹചര്യത്തില്‍ ലഭിച്ച സുവര്‍ണാവസരം മുതലെടുത്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് റെയ്‌ന.

മോശം ഫോമിനെത്തുടര്‍ന്ന് റെയ്‌നയ്‌ക്ക് ഏകദിന ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയില്ലെങ്കില്‍ ഒരു പക്ഷേ വീരേന്ദര്‍ സെവാഗിന്റെ ഗതിയാകും റെയ്‌നയ്‌ക്കുമുണ്ടാകുക. മധ്യ നിരയില്‍ കളിക്കാന്‍ യുവതാരങ്ങള്‍ ഒരുങ്ങി നില്‍ക്കുന്നത് സെലക്‍ടര്‍മാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക