അശ്വിനെ കണ്ടാല്‍ സ്മിത്തിനു മുട്ടിടിക്കും; ഇന്ത്യയുടെ വജ്രായുധം !

രേണുക വേണു

ബുധന്‍, 20 നവം‌ബര്‍ 2024 (11:11 IST)
Ravichandran Ashwin and Steve Smith

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വെള്ളിയാഴ്ച (നവംബര്‍ 22) പെര്‍ത്തില്‍ തുടക്കമാകും. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ കളിക്കുക. വിരാട് കോലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഓസ്‌ട്രേലിയയില്‍ കളിക്കുന്ന അവസാന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയായിരിക്കും ഇത്തവണത്തേത്. ഓസീസ് നിരയില്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ആണ് ഇന്ത്യയുടെ പേടിസ്വപ്നം. ഒറ്റയ്ക്കു നിന്ന് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഓസ്‌ട്രേലിയയുടെ കാവല്‍ക്കാരന്‍. സ്മിത്തിനെ തളയ്ക്കാന്‍ ഇന്ത്യ കാത്തുവയ്ക്കുന്നത് രവിചന്ദ്രന്‍ അശ്വിനെയാണ്. 
 
അശ്വിനെതിരെ അത്ര നല്ല അനുഭവങ്ങളല്ല സ്റ്റീവ് സ്മിത്തിനുള്ളത്. അശ്വിനെ കണ്ടാല്‍ സ്മിത്തിനു മുട്ടുവിറയ്ക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ അവകാശപ്പെടുന്നത്. അതില്‍ കുറേയൊക്കെ സത്യവുമുണ്ട്. സമീപകാലത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിച്ച ടെസ്റ്റുകളില്‍ സ്മിത്തിനു വലിയ തലവേദന സൃഷ്ടിക്കാന്‍ അശ്വിനു സാധിച്ചിരുന്നു. 
 
അശ്വിന്റെ 765 പന്തുകളാണ് സ്മിത്ത് ഇതുവരെ ടെസ്റ്റില്‍ നേരിട്ടിരിക്കുന്നത്. ഇതില്‍ സ്മിത്ത് സ്‌കോര്‍ ചെയ്തിരിക്കുന്നത് 54.2 ശരാശരിയില്‍ 434 റണ്‍സ്. ഡോട്ട് ബോളുകള്‍ 505 എണ്ണം. എട്ട് തവണയാണ് അശ്വിന്‍ സ്മിത്തിനെ പുറത്താക്കിയിരിക്കുന്നത്. 2020-21 ടെസ്റ്റ് പരമ്പരയില്‍ വെറും 64 റണ്‍സ് വഴങ്ങി മൂന്ന് തവണയാണ് അശ്വിന്‍ സ്മിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍