ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ മലയാളി പേസറായിരുന്നു എസ് ശ്രീശാന്ത്. ഒത്തുകളിയാരോപണത്തിനെ തുടര്‍ന്ന് താരത്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഹൈക്കോടതി അടുത്തിടെ നീക്കുകയും ചെയ്തിരുന്നു.
2013ലെ ഐപിഎല്ലിലായിരുന്നു സംഭവം. ഒരു തൂവാലയായിരുന്നു അന്ന് ശ്രീശാന്തിനെതിരെ പൊലീസിന്റെ തുരുപ്പുചീട്ട്. വാതുവയ്പ്പുകാരുടെ നിര്‍ദേശമനുസരിച്ചാണ് താരം ബൗളിങ്ങിനിടെ അരയില്‍ തൂവാല തിരുകിയതെന്ന ആരോപണമാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ അതിനു പിന്നിലെ സത്യമാണ് ശ്രീ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെ അരയില്‍ നിന്നും പുറത്തേക്കു കാണാവുന്ന വിധത്തില്‍ തൂവാല തിരുകി ശ്രീശാന്ത് എറിഞ്ഞ ഓവറില്‍ 13 റണ്‍സായിരുന്നു എതിര്‍ ടീമിനു ലഭിച്ചത്. ഇതോടെയാണ് താരം ഒത്തു കളിക്കുകയായിരുന്നുവെന്ന ആരോപണമുയര്‍ന്നുവന്നത്.
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസറായ അലന്‍ ഡൊണാള്‍ഡിനെ അനുകരിച്ചാണ് അന്ന് തൂവാല തിരുകിയതെന്നാണ് വിസ്ഡണ്‍ ക്രിക്കറ്റിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീ പറയുന്നത്. കരിയറില്‍ മോശം ഫോമില്‍ നില്‍ക്കുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറയുന്നു.
ആ ഓവര്‍ എറിയുന്നതിനു മുമ്പ് അംപയര്‍ കുമാര്‍ ധര്‍മസേനയോട് അനുവാദം വാങ്ങിയ ശേഷമായിരുന്നു അരയില്‍ തൂവാല തിരുകിയത്. സ്റ്റംപ് മൈക്രോഫോണിലെ ശബ്ദരേഖ പരിശോധിച്ചാല്‍ അതു വ്യക്തമാവുമെന്നും ഡൊണാള്‍ഡിനെ അനുകരിച്ച് കളിക്കളത്തില്‍ മുഖത്ത് താന്‍ സിങ് ഓക്‌സൈഡ് പുരട്ടാറുണ്ടെന്നും ശ്രീ പറയുന്നു.