പാകിസ്താനല്ല ദക്ഷിണാഫ്രിക്ക. സ്റ്റെയ്‌നും മോര്‍ക്കലും ഡിവില്ലിയേഴ്‌സും ആംലയുമുള്ള ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക അത്ര എളുപ്പവുമല്ല. അക്കാര്യം സച്ചിന്‍ പറയാതെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് നന്നായി അറിയാം. അതിനാല്‍ ദക്ഷിണാഫ്രിക്കയുടെ ദൌര്‍ബല്യവും ഇന്ത്യയുടെ കരുത്തും കട്ടയ്ക്ക് നില്‍ക്കുന്ന ഏഴ് തന്ത്രങ്ങള്‍ പയറ്റിയാല്‍ ഇന്ത്യയ്ക്ക് ഇത്തവണ ചരിത്രം മാറ്റിയെഴുതാന്‍ സാധിക്കും, ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ ചരിത്രമേയുള്ളു. അതെങ്ങനെ മറികടക്കാമെന്നാണ് ധോണി ഇപ്പോള്‍ ചിന്തിക്കുന്നത്. അതിനുള്ള തന്ത്രങ്ങളാണ് ഇത്തവണ ധോണി തയ്യാറാക്കിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് ആണ് ലോകകപ്പില്‍ മത്സരിക്കുന്ന മിക്ക രാജ്യങ്ങളിലെയും ടീമുകളിലെ ബൌളര്‍മാരുടെ പേടിസ്വപ്നം. പരിചയസമ്പത്തുള്ള ഡിവില്ലിയേഴ്‌സ് കളത്തില്‍ വേരുപിടിക്കുന്നതിനു മുമ്പേ പറിച്ചുകളയാനാണ് ധോണിയുടെ തീരുമാനം. ഡിവില്ലിയേഴ്‌സ് എത്രനേരത്തെ ഗാലറിയിലേക്ക് മടങ്ങുന്നോ അത്രയും വിജയ സാധ്യത ഇന്ത്യയ്ക്കാണ്. കാരണം ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയാല്‍ കളി പാതി ജയിച്ചു എന്നുതന്നെ പറയാം.
മരിച്ച് പണിയെടുത്താല്‍ ഫീല്‍ഡിംഗിലും പിടിച്ചുനില്‍ക്കാം. ഓരോ പന്തും മരിച്ച് തടുത്താലേ ബൗളിംഗിലുള്ള പോരായ്മ നികത്താനാകൂ. പാകിസ്താനെതിരെ ധോണി നടത്തിയ ഫീല്‍ഡിംഗിലെ കരുനീക്കങ്ങള്‍ ഒന്നുകൂടി ഉഷാറാക്കിയാല്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടാം. പരമ്പരാഗതമായി സ്പിന്നിനെതിരെ നല്ല റെക്കോര്‍ഡുള്ള ടീമില്ല ദക്ഷിണാഫ്രിക്ക. ആംല, ഡുമിനി എന്നിവരൊഴികെ മറ്റുള്ളവരാരും സ്പിന്നര്‍മാര്‍ക്കെതിരെ അത്ര ശക്തരല്ല. ഇന്ത്യന്‍ സ്പിന്നിനെ നേരിട്ട് പരിചയമുള്ള ജാക്കസ് കാലിസാണെങ്കില്‍ ഇപ്പോള്‍ ടീമിലില്ലാത്തത് ഇന്ത്യയ്ക്ക് ആശിക്കാന്‍ വക നല്‍കുന്നു. അശ്വിനും ജഡേജയും മനസുവെച്ചാല്‍ കളി ഇന്ത്യയുടെ കയ്യിലിരിക്കും. റെയ്‌നയും കുറച്ച് ഓവറുകള്‍ എറിഞ്ഞേക്കും.
അതേസമയം ഡെയ്ല്‍ സ്റ്റെയ്ന്‍, ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയ ബൌളര്‍മാരെ നേരിടുക എന്നതാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ശ്രദ്ധിക്കേണ്ടതായ പ്രധാനപ്പെട്ട കാര്യം. ലോകത്തെ ഏറ്റവും മികച്ച ന്യൂബോള്‍ അറ്റാക്കര്‍മാരാണ് ഇവര്‍. ഡുമിനി, താഹിര്‍ തുടങ്ങിയ സ്പിന്നര്‍മാരെ നേരിടാന്‍ തക്ക കരുത്ത് ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ കളിയില്‍ ധവാന്‍ ബാറ്റ് ചെയ്ത രീതി രോഹിത് ശര്‍മ പിന്തുടര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് മികച്ച ഓപ്പണിംഗ് നഷ്ടമാകും. ക്ഷമയോടെ 20 - 25 ഓവറുകള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ കളിയില്‍ ഇന്ത്യയ്ക്ക് ആധിപത്യം നേടാന്‍ സാധിക്കും.
അതേസമയം കോഹ്‌ലി സെഞ്ചുറി അടിക്കുന്ന മത്സരങ്ങളിലൊക്കെ ഇന്ത്യ ജയിച്ചിട്ടുണ്ട്. അതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്‌ലി സെഞ്ചുറി അടിക്കാന്‍ നമുക്കും പ്രാര്‍ത്തിക്കാം. കളി ദക്ഷിണാഫ്രിക്കയോടായത് കൊണ്ട് ഇന്ത്യ ജയിക്കാന്‍ മറ്റൊരു സാധ്യത കൂടിയുണ്ട്. ജയിക്കുന്ന കളി പോലും തോറ്റുതരുന്ന അവരുടെ സ്വഭാവമാണ് അത്. എപ്പോഴാണ് ദക്ഷിണാഫ്രിക്ക കളി തോല്‍ക്കുക എന്ന് പറയാന്‍ പറ്റില്ല. ലോകകപ്പാകുമ്പോള്‍ പ്രത്യേകിച്ചും.