ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്നതാണ് ഗില്ലിന് തിരിച്ചടിയായത്. ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗില്ലിന് മൂന്നാം മത്സരത്തില്‍ ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ഏകദിന ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന ഗില്‍ നിലവില്‍ ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ബാബറിന്റെ റേറ്റിങ് പോയിന്റ് 857 ആണ്, ഗില്ലിന് 847 പോയിന്റുണ്ട്. വെറും പത്ത് പോയിന്റാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഗില്‍ കളിക്കുകയും 22 റണ്‍സെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഐസിസി റാങ്കില്‍ ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. ഇതിനുള്ള അവസരമാണ് താരത്തിനു നഷ്ടമായത്.
ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 74 റണ്‍സും രണ്ടാം ഏകദിനത്തില്‍ 104 റണ്‍സും ഗില്‍ നേടിയിരുന്നു. മൂന്നാം ഏകദിനത്തിലും അവസരം ലഭിച്ചിരുന്നെങ്കില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവുമായി ഗില്ലിന് ലോകകപ്പില്‍ ഇറങ്ങാമായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചാല്‍ അത് ഗില്ലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ ഗില്ലിനെ മൂന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.