വിരാട് കോലിക്ക് ശേഷം നമ്പര്‍ 3 പൊസിഷനില്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ ശ്രേയസ് അയ്യര്‍ നടത്തിയത്. ഇതോടെ കോലിയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ക്രിക്കറ്റ് ലോകം വാഴ്ത്താന്‍ തുടങ്ങി. പരിമിത ഓവറില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും ശ്രേയസ് അയ്യര്‍ കോലിക്ക് പകരക്കാരന്‍ ആയേക്കും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവില്‍ പൂര്‍ണ തൃപ്തിയുണ്ട്. എന്തുകൊണ്ടും കോലിയുടെ പിന്‍ഗാമിയാകാന്‍ യോഗ്യന്‍ ശ്രേയസ് തന്നെയാണെന്ന് രോഹിത് ശര്‍മയും അഭിപ്രായപ്പെടുന്നു. വരും മത്സരങ്ങളില്‍ ശ്രേയസിന് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കും.
ഭാവി നായകനേയും ശ്രേയസില്‍ ഇന്ത്യ കാണുന്നുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചുള്ള പരിചയസമ്പത്ത് ശ്രേയസ് അയ്യര്‍ക്കുണ്ട്. ഡല്‍ഹിയില്‍ ആയിരിക്കെ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, കഗിസോ റബാദ അടക്കമുള്ള സീനിയര്‍ താരങ്ങളെ ശ്രേയസ് നയിച്ചിട്ടുണ്ട്. അതുകൊണ്ട് രോഹിത് ശര്‍മയ്ക്ക് ശേഷം ഭാവി നായകനായി ശ്രേയസിനെ കാണാനും ബിസിസിഐയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും മടിയില്ല.
ഓപ്പണിങ്ങില്‍ വലിയ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങി നാല് പേരാണ് ഓപ്പണിങ് പൊസിഷനിലേക്ക് മത്സരിക്കുന്നത്. നിലവില്‍ രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ സഖ്യം ഓപ്പണിങ് ജോഡികളായി തുടരും. രാഹുല്‍ തിരിച്ചെത്തിയാല്‍ രോഹിത് ശര്‍മയ്ക്കൊപ്പം രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മയുടെ കാലശേഷം രാഹുലിനൊപ്പം ഇഷാന്‍ കിഷനായിരിക്കും ഓപ്പണിങ് കൂട്ടുകെട്ട് നയിക്കുക. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും വിക്കറ്റ് കീപ്പര്‍ ആണെന്നതും ഇഷാന്‍ കിഷന് ഗുണം ചെയ്യും. അപ്പോഴും ഋതുരാജ് ഗെയ്ക്വാദ് കാത്തിരിക്കേണ്ടിവരും. രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ ഋതുരാജിന് ഓപ്പണറാകാന്‍ അവസരം ലഭിക്കൂ.