Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

രേണുക വേണു

ബുധന്‍, 24 ഏപ്രില്‍ 2024 (15:25 IST)
Shivam Dube: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദുബെയെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ദുബെയെ ഉപയോഗിക്കാന്‍ കഴിയുമെന്നും ബാറ്റിങ്ങില്‍ പാണ്ഡ്യയേക്കാള്‍ മികച്ച ഹിറ്ററാണെന്നും ആരാധകര്‍ പറയുന്നു. ഇടംകൈയന്‍ ബാറ്ററാണെന്നതും ദുബെയ്ക്ക് അനുകൂല ഘടകമാണ്. 
 
ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 169.95 സ്‌ട്രൈക്ക് റേറ്റില്‍ 311 റണ്‍സ് ദുബെ നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 66 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫിനിഷര്‍ എന്ന നിലയില്‍ ദുബെ നൂറ് ശതമാനം ഇന്ത്യന്‍ സ്‌ക്വാഡില്‍ അനുയോജ്യനാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 
അതേസമയം ഹാര്‍ദിക് പാണ്ഡ്യ ഈ സീസണില്‍ അമ്പേ പരാജയമാണ്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയിരിക്കുന്നത്. 142.45 ആണ് സ്ട്രൈക്ക് റേറ്റ്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അവസാന ഓവറുകളില്‍ പോലും ഹിറ്റ് ചെയ്യാനുള്ള കഴിവ് പാണ്ഡ്യക്ക് പൂര്‍ണമായി നഷ്ടപ്പെട്ടു. ഇന്ത്യയില്‍ കളിക്കുമ്പോള്‍ അഞ്ചാമതോ ആറാമതോ ആയി വേണം പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍. അവസാന ഓവറുകളില്‍ ഇത്രയും മോശം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താല്‍ അത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകുമെന്നും ആരാധകര്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍