ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര. സര്‍വ്വമേഖലകളിലും കരുത്ത് തെളിയിക്കുകയും വീഴ്‌ചകള്‍ കണ്ടെത്താനും ലഭിക്കുന്ന അവസരം. ബാറ്റിംഗ് മുതല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വരെയുള്ള അഴിച്ചുപണികള്‍ എവിടെയൊക്കെ എന്ന് കണ്ടത്തേണ്ടതുമുണ്ട് ഈ പരമ്പരയില്‍
ഓസീസിനെതിരെ അഞ്ച് മത്സരങ്ങളാണ് കളിക്കാനുള്ളതെങ്കിലും ഈ മത്സരങ്ങളെ അതീവ ഗൌരവത്തോടെയാണ് മാനേജ്‌മെന്റ് കാണുന്നത്. ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ ഉണ്ടാകണമെന്ന് കണ്ടത്തേണ്ടതുണ്ട്.
എന്നാല്‍, വിശാഖപട്ടണം ഏകദിനം മുതല്‍ ഇന്ത്യക്ക് തിരിച്ചടിയാകുന്നത് ഓപ്പണര്‍മാരുടെ ഫോമാണ്. ലോകകപ്പ് പടിവാതില്‍ എത്തിനില്‍ക്കെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മോശം ഫോം തുടരുകയാണ്. നാഗ്പൂര്‍ ഏകദിനം മുതല്‍ ഇരുവരും പരാജയപ്പെടുന്നതാണ് മാനേജ്‌മെന്റിനെ വലയ്‌ക്കുന്നത്.
രോഹിത് പൂജ്യനായിട്ടാണ് രണ്ടാം ഏകദിനത്തില്‍ പുറത്തായത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ധവാന്‍ നാഗ്‌പൂരില്‍ 29 പന്തില്‍ 21 റണ്‍സിന് കൂടാരം കയറി.
അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ രണ്ടു തവണ മാത്രമാണ് ധവാന്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്‌തത്. ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളില്‍ 55 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്ക്.
താരതമ്യേനെ ദുര്‍ബലരായ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാന്റെ ബാറ്റിംഗ് ശരാശരി 22.4 മത്രമായിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ചെങ്കിലും ഓസീസിനെതിരായ പരമ്പരയില്‍ കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്.
രോഹിത് ശര്‍മ്മയുടെ കാര്യവും വ്യത്യസ്ഥമല്ല. രണ്ട് ഏകദിനങ്ങളിലും താരം പരാജയപ്പെട്ടു. നാഗ്‌പൂരില്‍ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്ത് തേര്‍ഡ്‌മാന് മുകളിലൂടെ പറത്താനുള്ള ഹിറ്റ്മാന്റെ ശ്രമം പാളി. ലോകകപ്പ് വര്‍ഷത്തിലാണ് ടീമിന്റെ നട്ടെല്ലായ ഓപ്പണര്‍മാര്‍ പരാജയമാകുന്നത്.
അതേസമയം, മൂന്നാം ഓപ്പണറുടെ റോളിലുള്ള കെഎല്‍ രാഹുല്‍ മൂന്നാം ഏകദിനത്തില്‍ കളിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ രോഹിത് - ധവാന്‍ സഖ്യത്തിലൊരാള്‍ പുറത്താകും. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ പ്രകടനമാണ് രാഹുലിന് നേട്ടമാകുന്നത്. അവരം മുതലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് രാഹുല്‍ പുറത്താകുമെന്ന് ഉറപ്പാണ്.