കോഹ്‌ലി പിന്തുണച്ചത് ശാസ്‌ത്രിയെ; സെലക്‍ടടെ മുറിയിലേക്ക് ഇടിച്ചുകയറി, പൊട്ടിത്തെറിച്ചു - ബംഗാര്‍ വിവാദക്കുരുക്കില്‍

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:55 IST)
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകല്‍ കോച്ച് രവി ശാസ്‌ത്രിയുടെ ഇരിപ്പിടത്തിന് പോലും വെല്ലുവിളിയുയര്‍ത്തിയിരുന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ഉറച്ച പിന്തുണ ശാസ്‌ത്രിക്ക് ഗുണം ചെയ്‌തപ്പോള്‍  പരിശീലകനെ തെരഞ്ഞെടുക്കാനുള്ള കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിയില്‍ വലിയ അശയക്കുഴപ്പങ്ങളുണ്ടായില്ല.

ബോളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ എന്നിവരുടെ പ്രകടനം തൃപ്തികരമെന്ന് വിലയിരുത്തി പുനർനിയമനം നൽകിയ കമ്മിറ്റി ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറാറിനെ പുറത്താക്കാന്‍ ഒരു മടിയും കാണിച്ചില്ല.

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ സൂപ്പര്‍‌താരം മഹേന്ദ്ര സിംഗ് ധോണിയെ ഏഴാമത് ഇറക്കാനുള്ള തീരുമാനമാണ് ഇന്ത്യയെ തോല്‍‌വിയിലേക്ക് നയിച്ചത്. അത് ടീമിന്റെ തീരുമാനമായിരുന്നു എന്ന് ബംഗാര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ലോകകപ്പ് സെമിയിലെ തോല്‍‌വി ടീം ഇന്ത്യയെ അത്രത്തോളം വേദനിപ്പിച്ചിരുന്നു. ബംഗാറിന്റെ പുറത്താകലിന്റെ ഏക കാരണമായി ഈ തീരുമാനത്തെ വിലയിരുത്തുന്നവരുമുണ്ട്.

ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ താരം വിക്രം റാത്തോറിനെയാണ് കപിലും സംഘവും ബാറ്റിംഗ് പരിശീലകനായി തിരഞ്ഞെടുത്തത്. ജോലി നഷ്‌ടമായതിന് പിന്നാലെ ദേശീയ ടീം സിലക്ടറായ ദേവാങ് ഗാന്ധിയുടെ മുറിയിൽപ്പോയി ബാംഗർ കയർത്തു സംസാരിച്ചു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബിസിസിഐ ആസ്ഥാനത്തെ ദേവാങ് ഗാന്ധിയുടെ മുറിയിലേക്ക് തള്ളിക്കയറി ചെന്ന ബംഗാര്‍ അദ്ദേഹത്തോട് പൊട്ടിത്തെറിച്ചു. തന്നെ പുറത്താക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ബംഗാര്‍ കോച്ചിംഗ് സ്‌റ്റാഫിനെ തീരുമാനിക്കേണ്ടത് ടീമാണ്. അല്ലാതെ സെലക്ടര്‍മാരല്ലെന്നും തുറന്നടിച്ചു.

എന്റ കീഴില്‍ ഇന്ത്യന്‍ ടീം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. ടീം അംഗങ്ങള്‍ തനിക്കൊപ്പമാണ് നിലകൊള്ളുന്നത്. ടീമിന് പരിശീലനം നല്‍കാന്‍ ഞാന്‍ യോഗ്യനല്ലെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം ദേവാങ് ഗാന്ധി പറഞ്ഞു.

ബാംഗർ അപമര്യാദയായി പെരുമാറിയത് ബിസിസിഐയുടെയും ശ്രദ്ധയിലെത്തിയിട്ടുണ്ട്. പെരുമാറ്റത്തിൽ ബോർഡിലെ ചില ഉന്നതർക്ക് അമർഷമുണ്ട്. ദേവാങ് ഗാന്ധിക്കെതിരെ കയർത്തു സംസാരിക്കാൻ ബാംഗറിന് എന്ത് അവകാശമാണുള്ളതെന്നും

അതേസമയം, കാലാവധി അവസാനിച്ച ബംഗാറിനെതിരെ മറ്റു നടപടികളൊന്നും വേണ്ടെന്ന വികാരവും ബോർഡിലെ ചിലർക്കുണ്ട്. ഒരു ഊഴം കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ അദ്ദേഹത്തിന് എന്ത് അവകാശമാണ് ഉള്ളതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

കോഹ്‌ലി നല്‍കിയ പിന്തുണയാണ് രവി ശാസ്‌ത്രിക്ക് നേട്ടമായത്. ടെസ്റ്റ്‌ - ഏകദിന മത്സരങ്ങളിലെ ബോളര്‍മാരുടെ മികവ് ഭരത് അരുണിന് നേട്ടമായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുലര്‍ത്തിയ മികച്ച ഫീല്‍ഡിംഗ് നിലവാരം ആർ ശ്രീധറിനും അനുഗ്രഹമായി. എന്നാല്‍, ലോകകപ്പ് സെമിയില്‍ ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി തോല്‍‌വി ചോദിച്ചു വാങ്ങിയ നടപടി ‘വിലമതിക്കാനാകാത്ത’ തെറ്റായിരുന്നു, ബംഗാറിന്റെ കസേരയിളക്കിയതും ഈ സംഭവമാണെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍