അവസാന ടെസ്റ്റിനായി ക്രീസിലേക്ക് വരുന്ന സച്ചിന്റെ ചിത്രത്തിന് അവാർഡ്
വാങ്കഡേ സ്റ്റേഡിയത്തിൽ തന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായി ക്രീസിലേക്ക് നടക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറുടെ ചിത്രത്തിന് 2013ലെ മികച്ച ഫോട്ടോ അവാർഡ്.
ഇന്ത്യയിലെ 240 ഫോട്ടോ ജേണലിസ്റ്റുമാർ സമർപ്പിച്ച എണ്ണായിരത്തിലധികം ചിത്രങ്ങളിൽ നിന്നുമാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. മുംബയിലെ മിഡ് ഡേ ദിനപ്പത്രത്തിലെ ഫോട്ടോ ജേണലിസ്റ്റായ അതുൽ കാംബ്ലേയാണ് ഈ ചരിത്ര നിമിഷത്തിന്റെ ഫോട്ടോ പകര്‍ത്തിയത്.
2013 നവംബറിൽ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന തന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായി ക്രീസിലേക്ക് നടന്നിറങ്ങുന്ന സച്ചിനെ കാണുന്നതിനായി ആരാധകർ ആവേശത്തോടെ കാത്തു നിൽക്കുന്നതുമായ ദൃശ്യമാണ് സമ്മാനത്തിന് അര്‍ഹമായത്. ഫോട്ടോയ്ക്ക് അവാർഡ് ലഭിച്ച കാര്യം സംഘാടകർ ബുധനാഴ്ചയാണ് പുറത്ത് വിട്ടത്. അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ 75,000 രൂപ സമ്മാനമായി കാംബ്ലേക്ക് സമ്മാനിക്കും.