ഞങ്ങള്‍ ഭുവിയില്‍ ഒരുപാട് വിശ്വാസമര്‍പ്പിച്ചു; പുകഴ്ത്തി രോഹിത്

ശനി, 19 ഫെബ്രുവരി 2022 (09:45 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ ഇന്ത്യയുടെ വിജയത്തില്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് നായകന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസ് വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ 19-ാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ വിട്ടുകൊടുത്തത് വെറും നാല് റണ്‍സാണ്. തകര്‍ത്തടിക്കുകയായിരുന്ന നിക്കോളാസ് പൂരനെ ഈ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയും ചെയ്തു. 12 പന്തില്‍ 29 റണ്‍സ് മാത്രമായിരുന്നു ആ സമയത്ത് വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ തന്റെ 19-ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. 
 
പരിചയസമ്പത്താണ് കളിയുടെ ഗതി നിര്‍ണയിച്ചതെന്ന് മത്സരശേഷം രോഹിത് ശര്‍മ പറഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ പരിചയസമ്പത്താണ് മത്സരത്തില്‍ കണ്ടത്. അതാണ് ഫലം കണ്ടതെന്നും രോഹിത് പറഞ്ഞു. 'വളരെ ക്രിട്ടിക്കലായ സമയത്താണ് ഭുവി പന്തെറിയാന്‍ എത്തിയത്. ഭുവി തന്റെ പരിചയസമ്പത്ത് കൊണ്ട് 19-ാം ഓവര്‍ മികച്ച രീതിയില്‍ എറിഞ്ഞു. വര്‍ഷങ്ങളായി ടീമിന് വേണ്ടി അദ്ദേഹം ചെയ്യുന്നത് ഇതാണ്. ഭുവിയില്‍ ഞങ്ങള്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു,' രോഹിത് ശര്‍മ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍