കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറിയുമായി രോഹിത്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നാലാം സെഞ്ചുറി

ശനി, 13 ഫെബ്രുവരി 2021 (17:04 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി വിമർശകരുടെ വായടപ്പിച്ച് രോഹിത് ശർമ. ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം സെഞ്ചുറി സ്വന്തമാക്കിയ  രോഹിത് 231 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും 18 ഫോറുമടക്കം 161 റണ്‍സെടുത്താണ് പുറത്തായത്.
 
ഒരു ഘട്ടത്തിൽ മൂന്നിന് 86 എന്ന നിലയിൽ പ്രയാസപ്പെട്ട ഇന്ത്യയെ കരകയറ്റിയത് രോഹിത്തും രഹാനെയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു. അതേസമയംഐ.സി.സിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ നാലാം സെഞ്ചുറിയാണിത്. അഞ്ചു സെഞ്ചുറികളുമായി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌നാണ് രോഹിത്തിന് മുന്നിലുള്ളത്.
 
രോഹിത്തിനൊപ്പം ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ്, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, പാകിസ്താന്‍ താരം ബാബര്‍ അസം എന്നിവര്‍ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സെഞ്ചുറികളുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ രോഹിത്തിനും സ്‌റ്റോക്ക്‌സിനുമാണ് ലബുഷെയ്‌നിന്റെ അഞ്ചു സെഞ്ചുറികളെന്ന നേട്ടം പിന്നിടാന്‍ അവസരമുളളത്. 
 
വെറും ഒമ്പത് ടെസ്റ്റുകളിലെ 13 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് നാലു സെഞ്ചുറികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 71.33 ശരാശരിയില്‍ 856 റണ്‍സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ സമ്പാദ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍