ക്യാപ്‌റ്റൻസി രോഹിത്തിന്റെയും ബാറ്റിങ്ങിനെ ബാധിച്ചോ? കണക്കുകൾ ഇങ്ങനെ

വ്യാഴം, 24 മാര്‍ച്ച് 2022 (19:14 IST)
വിരാട് കോലിയിൽ നിന്ന് നായകസ്ഥാനമേറ്റെടുത്ത ശേഷം രോഹിത് ശർമയുടെ ക്യാപ്‌റ്റൻസിയിൽ ഒരു മത്സരം പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ന്യൂസിലൻഡുമായുള്ള ടി20 പരമ്പര തൂത്തുവാരിക്കൊണ്ട് തുടങ്ങിയ രോഹിത്തിന്റെ ടീം വെസ്റ്റിൻഡീസിനെതിരെ ടി20,ഏകദിന പരമ്പരകളും ശ്രീലങ്കക്കെതിരെ ടി20,ടെസ്റ്റ് പരമ്പരകളും തൂത്തുവാരി.
 
ക്യാപ്‌റ്റനെന്ന നിലയിൽ വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കുമ്പോളും ബാറ്ററെന്ന നിലയിൽ രോഹിത്തിന് മോശം സമയമാണ്. ഐസിസിയുടെ പുതിയ റാങ്കിങിൽ ഏകദിനത്തിലും ടെസ്റ്റിലും രോഹിത്ത് താഴേക്ക് പോയിരിക്കുന്നു. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 ശരാശരിയിൽ 90 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. 46 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്നും 26 ശരാശരിയിൽ 78 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. 60 റൺസാണ് ഉയർന്ന സ്കോർ.
 
അതേസമയം ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവർക്കെതിരെ 6 ടി20 മത്സരങ്ങളിൽ നിന്നും 19.33 ശരാശരിയിൽ 116 റൺസ് നേടാനെ രോഹിത്തിന് സാധിച്ചുള്ളു. 44 റൺസാണ് താരത്തിന്റെ ഹൈസ്കോർ. നിലവിൽ ഏകദിന റാങ്കിങ്ങിൽ നാലാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങിൽ ഏഴാം സ്ഥാനത്തും ടി20 റാങ്കിങ്ങിൽ 14ആം സ്ഥാനത്തുമാണ് ഇന്ത്യൻ നായകൻ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍