ഒരു അവസരം കൂടി തരും, തിളങ്ങിയില്ലെങ്കില്‍ പന്തിനെ ഇറക്കും; രാഹുലിന് താക്കീത്, പുറത്തിരുത്താന്‍ ആലോചന

വെള്ളി, 28 ഒക്‌ടോബര്‍ 2022 (09:40 IST)
ഇന്ത്യന്‍ ഉപനായകനും ഓപ്പണര്‍ ബാറ്ററുമായ കെ.എല്‍.രാഹുലിനെതിരെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും. ട്വന്റി 20 ലോകകപ്പിലെ ഇതുവരെയുള്ള രാഹുലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. മോശം ഫോമിലുള്ള രാഹുലിന് ഇനിയും അവസരങ്ങള്‍ കൊടുക്കണോ എന്ന ആലോചനയിലാണ് പരിശീലകനും സെലക്ടര്‍മാരും. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരശേഷം രാഹുലിന് താക്കീത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഒരു കളിയില്‍ കൂടി രാഹുലിനെ പ്ലേയിങ് ഇലവനില്‍ ഇറക്കും. ഇനിയും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്ള പന്ത് ഇതുവരെ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിട്ടില്ല. രാഹുല്‍ പുറത്തിരിക്കുകയാണെങ്കില്‍ പകരം പന്തിനെ ഇറക്കാനാണ് നായകന്‍ രോഹിത് ശര്‍മയും ആലോചിക്കുന്നത്. 
 
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 8 പന്തില്‍ 4 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 9 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. നിര്‍ണായക മത്സരങ്ങളില്‍ രാഹുലിന് തിളങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകരും വിമര്‍ശിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലും ഏഷ്യാ കപ്പിലും രാഹുല്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍