പാകിസ്ഥാൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു, ബാബറും ഷഹീൻ അഫ്രീദിയും വാക്പോര് നടത്തിയതായി റിപ്പോർട്ട്

ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (10:10 IST)
ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ഇന്ത്യ,ശ്രീലങ്ക എന്നിവരോട് ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ബാബറിന്റെ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പിന് മുന്‍പ് നടക്കുന്ന നിര്‍ണായകമായ ടൂര്‍ണമെന്റ് ആയതിനാല്‍ തന്നെ ഏഷ്യാകപ്പിലെ വിജയം പാകിസ്ഥാന് നിര്‍ണായകമായിരുന്നു. എന്നാല്‍ ഫൈനല്‍ കാണാതെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന്‍ പുറത്താകുകയായിരുന്നു.
 
ഇപ്പോഴിതാ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ക്യാമ്പില്‍ താരങ്ങള്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടായതായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. തോല്‍വിക്ക് ശേഷം പാക് നായകന്‍ ബാബര്‍ അസം സഹതാരങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഷഹീന്‍ ഇടപെടുകയും എതിരഭിപ്രായം പറയുകയും ചെയ്തു. മോശം പ്രകടനത്തിന്റെ പേരില്‍ കളിക്കാരെ കുറ്റം പറയാതെ നല്ല രീതിയില്‍ ബൗളിംഗും ബാറ്റിംഗും ചെയ്തവരെ പറ്റി നല്ലത് പറയണമെന്ന് ഷഹീന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആരൊക്കെ നന്നായി കളിച്ചെന്ന് തനിക്കറിയാമെന്നാണ് ബാബര്‍ മറുപടി നല്‍കിയത്. ഇരുവരും തമ്മില്‍ വാക്തര്‍ക്കം കടുത്തതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് പാക് ടീമോ ക്രിക്കറ്റ് ബോര്‍ഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍