'അവര്‍ കുട്ടികളല്ലേ'; ശ്രീലങ്കയ്‌ക്കെതിരായ മത്സരം തോറ്റ ശേഷം ടീമിനെ പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍

വെള്ളി, 6 ജനുവരി 2023 (12:40 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം തോറ്റതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ പിന്തുണച്ച് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബൗളര്‍മാരുടെ മോശം പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് യുവതാരങ്ങളെ രാഹുല്‍ പിന്തുണച്ചത്. അവര്‍ കുട്ടികളാണെന്നും പരിചയസമ്പത്ത് കുറവാണെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 
 
' ഒരു ഫോര്‍മാറ്റിലും നോ ബോളും വൈഡും എറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് ട്വന്റി 20 യില്‍. കാരണം അത് നിങ്ങളെ വലിയ വിഷമത്തിലാക്കും. നമ്മള്‍ ക്ഷമയോടെ ഇരിക്കണം, കാരണം ഇവരില്‍ കൂടുതല്‍ പേരും കുട്ടികളാണ്. അവര്‍ക്ക് പരിചയസമ്പത്ത് കുറവാണ്. നമ്മുടെ ടീമില്‍ ധാരാളം പുതുമുഖങ്ങള്‍ കളിക്കുന്നുണ്ട്, പ്രത്യേകിച്ച് നമ്മുടെ ബൗളിങ് നിരയില്‍. അവര്‍ ചെറിയ കുട്ടികളാണ്, അവര്‍ക്ക് ഇത്തരത്തിലുള്ള കളി അനുഭവങ്ങളും ഉണ്ടാകും,' 
 
' നമ്മള്‍ ക്ഷമയോടെ നോക്കി കാണുകയും അവരെ മനസിലാക്കുകയും വേണം. തീര്‍ച്ചയായും അവര്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. അവരെ സാങ്കേതികമായി പിന്തുണയ്ക്കുക. അവരുടെ കഴിവിന്റെ ഏറ്റവും നല്ലത് ലഭിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുക,' ദ്രാവിഡ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍