ബംഗ്ലാദേശിനെതിരെ റെക്കോർഡ് ജയത്തോടെ ദക്ഷിണാഫ്രിക്ക. ഒന്നാം വിക്കറ്റില്‍ 282 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയർത്തിയായിരുന്നു ദക്ഷിണാഫ്രിക്ക ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ഏകദിനത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ നേടുന്ന ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ദക്ഷിണാഫ്രിക്കയുടേത്.
കിംബേർലിയിലെ ഡയമണ്ട് ഓവലിൽനടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 279 എന്ന വിജയലക്ഷ്യം ഓപ്പണർമാരായ ക്വിന്റണ്‍ ഡി കോക്ക്(168), ഹാഷിം അംല(110) എന്നിവരുടെ സെഞ്ചുറി മികവിലാണു ദക്ഷിണാഫ്രിക്കയുടെ ഈ ജയം. ഇതോടെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന സഖ്യം എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാനും ഡി കോക്ക്-അംല സഖ്യത്തിനു സാധിച്ചു.
112 പന്തിൽനിന്ന് എട്ടു ബൗണ്ടറിയുടെ സഹായത്തോടെയായിരുന്നു അംല 110 റണ്‍സ് നേടിയത്. അതേസമയം, 145 പന്തിൽനിന്ന് 21 ബൗണ്ടറിയും രണ്ടു സിക്സറും ഉൾപ്പെടെയായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. ഇതിനിടെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സിൽ 26 ഏകദിന സെഞ്ചുറിഎന്ന റെക്കോർഡും അംല സ്വന്തം പേരില്‍ കുറിച്ചു.