ഓസ്‌ട്രേലിയയില്‍ നിന്ന് തോറ്റോടി വന്ന പാക് ടീമിനെ പരിഹസിച്ച് അക്‍തര്‍ രംഗത്ത്

ശനി, 28 ജനുവരി 2017 (14:17 IST)
തോല്‍‌വികളും തിരിച്ചടികളും നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് മുൻ പേസ് ബോളര്‍ ഷോയിബ് അക്തർ രംഗത്ത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാകിസ്ഥാന്‍ പുറത്തെടുത്ത ബോളിംഗ് മോശമായിരുന്നു. പാക് ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ കണ്ട് ഇൻസമാം ഉൾ ഹഖിന്‍റെ നേതൃത്വത്തിലുള്ള സെലക്‍ടര്‍മാര്‍ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അക്‍തര്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര പാകിസ്ഥാൻ 1- 4ന് തോറ്റതിന് പിന്നാലെയാണ് അക്തറിന്‍റെ വിമർശനം.

അതേസമയം, മോശം പ്രകടനത്തെ തുടര്‍ന്ന് നായക സ്ഥാനത്തുനിന്ന് അസർ അലിയെ നീക്കാന്‍ പാക് ക്രിക്കറ്റ് ബോർഡ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തില്‍ ടീം നടത്തിയ ദയനീയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അലിയെ മാറ്റാന്‍ പിസിബിയില്‍ നീക്കം ശക്തമായത്.

അലിക്ക് പകരം സർഫ്രാസ് അഹമ്മദിനെ നായക സ്ഥാനം ഏൽപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനു അലിയോട് താല്‍പ്പര്യമില്ലെന്നും സർഫ്രാസിനെ നായകനാക്കണമെന്ന താല്‍പ്പര്യം അദ്ദേഹത്തിനുണ്ടെന്നുമാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക