ഹ്യൂഗ്‌സിന് നേരെ ബൗണ്‍സര്‍ എറിഞ്ഞ ആബട്ട് കടുത്ത മാനസിക വിഷമത്തില്‍
വ്യാഴം, 27 നവംബര്‍ 2014 (17:33 IST)
പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ഗുരുതരമായി പരുക്കേറ്റ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് (25) മരണത്തിന് കീഴടങ്ങിയതോടെ ഹ്യൂഗ്‌സിന് നേരെ ബൗണ്‍സര്‍ എറിഞ്ഞ സീന്‍ ആബട്ട് കടുത്ത മാനസിക നിരാശയില്‍. അതേസമയം ആബട്ടിന് പിന്തുണയുമായി ലോകത്തര താരങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തു.
മുന്‍ ഇംഗണ്ട് ക്യാപ്റ്റന്‍മാരായ ഇയാന്‍ ബോതം, കെവിന്‍ പീറ്റേഴ്സണ്‍, മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ, ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍, മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ സ്റ്റ്യുവാര്‍ട്ട് ക്ലാര്‍ക്ക്, ബ്രെറ്റ് ലീ, ഗെന്‍ മഗ്രാത്ത് തുടങ്ങിയവരെല്ലാം ആബട്ടിന് പിന്തുണയുമായി രംഗത്ത് എത്തി.
സംഭവത്തെ തുടര്‍ന്ന് ആകെ തളര്‍ന്നു പോയ ആബട്ടിന് കൌണ്‍സിലിംഗ് നല്‍കേണ്ട സാഹചര്യം വരെ ഉണ്ടായി. മരണത്തോട് മല്ലടിച്ച് കിടന്ന ഹ്യൂഗ്‌സിനെ സന്ദര്‍ശിച്ച അബാട്ടിനെ ആശ്വസിപ്പിക്കാന്‍ ഓസീസ് ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഹ്യൂസിന്റെ സഹോദരിയും വളരെ സമയം ചെലവഴിക്കുകയും ചെയ്തു. ക്രിക്കറ്റ് ഓസ്ട്രേലിയയും ന്യൂ സൌത്ത് വെയില്‍സ് ടീമും അബാട്ടിന് പിന്തുണ നല്‍കുന്നുണ്ട്.
ഫില്‍ ഹ്യൂഗ്‌സിന് പരുക്കേറ്റതിന് തലേദിവസം ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കുള്ള തന്റെ തിരിച്ചുവരവില്‍ സന്തോഷവാനാണെന്ന് യുവ ഫാസ്റ്റ് ബോളറായ സീന്‍ ആബട്ട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഏറിഞ്ഞ 49ഓവറില്‍ പന്ത് കൊണ്ട് ക്രീസില്‍ വീണ ഹ്യൂഗ്‌സിനെ കാണാനായിരുന്നു ആബട്ടിന്റെ വിധി. ഹ്യൂസിനരികിലേക്ക് ആദ്യം ഓടിയെത്തിയവരില്‍ ആബട്ടുമുണ്ടായിരുന്നു. ആബട്ട് ഉടന്‍ തന്നെ ഹ്യൂസിനെ വാരിയെടുത്തെങ്കിലും ബോധം മറഞ്ഞിരുന്നു.
സിഡ്‌നിയില്‍ പ്രാദേശിക ലീഗിലെ സൗത്ത് ഓസ്‌ട്രേലിയ-ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റുന്നത്. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്തിടിച്ച ഉടനെതന്നെ ഹ്യൂഗ്‌സ് ക്രീസില്‍ വീഴുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.