ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിന് ഊഷ്മളമായ സ്വീകരണമാണ് ഹൈദരാബാദില്‍ ലഭിച്ചത്. ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹത്തിന് മുന്നില്‍ പാകിസ്ഥാന്‍ താരങ്ങളെല്ലാം തന്നെ നന്ദി പ്രകടിപ്പിക്കുന്നതിനിടെ ഇന്ത്യയെ ശത്രുരാജ്യമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. ഒരു പാക് മാധ്യമവുമായുള്ള സംഭാഷണത്തിനിടെയാണ് സാക്ക അഷ്‌റഫ് വിഷം തുപ്പിയത്.
പാക് താരങ്ങളുടെ പുതിയ കരാര്‍ പ്രഖ്യാപിക്കാനും മാച്ച് ഫീ വര്‍ധിപ്പിക്കാനുമായി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ശത്രുരാജ്യത്ത് കളിക്കുമ്പോള്‍ കളിക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കാനാണ് പാക് ബോര്‍ഡിന്റെ നടപടിയെന്ന് സാക്ക അഷ്‌റഫ് പറഞ്ഞത്. അതേസമയം മൈതാനത്തിനും പുറത്തും പാകിസ്ഥാന്‍ ഇന്ത്യ താരങ്ങള്‍ തമ്മിലുള്ള സൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് പിസിബി ചെയര്‍മാന്റെ പരാമര്‍ശം. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ടീം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നത്. 2016ല്‍ നടന്ന ടി20 ലോകകപ്പിലാണ് ഇതിന് മുന്‍പ് പാക് ടീം ഇന്ത്യയിലെത്തിയത്. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം നടക്കുന്നത്.