ആരാണ് മികച്ച നായകൻ, ധോണിയോ അതോ ഗാംഗുലിയോ ? മുൻ ഇന്ത്യൻ താരത്തിന്റെ മറുപടി ഇങ്ങനെ !

തിങ്കള്‍, 20 ജൂലൈ 2020 (13:49 IST)
ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഒരു ചർച്ചയാണ് ഗാംഗുലിയോ അതോ ധോനിയോ മികച്ച ക്യാപ്റ്റൻ എന്നത്. ആരാധകരും മുൻ താരങ്ങളും ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്. തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ ടീമിനെ ഉടച്ചുവാർത്ത ഗാംഗുലിയാണ് മികച്ച നായകൻ എന്ന് ഒരു പക്ഷം വാദിയ്ക്കുമ്പോൾ ലോക കിരീടങ്ങൾ അടക്കം ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണിയാണ് മികച്ച നായകൻ എന്ന് മറുകൂട്ടർ. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. 
 
മികച്ച നായകനുള്ള തന്റെ വോട്ട് ഗാംഗുലിയ്ക്കാണ് എന്ന് തുറന്നുപറയുകയാണ് പാർഥിവ് പട്ടേൽ. അതിനുള്ള കാരണവും താരം വിശദീകരിയ്ക്കുന്നുണ്ട്. 'ഒരു ക്യാപ്റ്റന്‍ നിരവധി അന്താരാഷ്ട്ര കിരീടങ്ങള്‍ സമ്മാനിച്ചു. മറ്റൊരു നായകന്‍ വിജയ സാധ്യത നശിച്ച ഒരു ടീമിനെ കൈപിടിച്ച്‌ മുകളിലേക്കുയര്‍ത്തി. 2000ത്തില്‍ ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യന്‍ ടീം വലിയ പ്രതിസന്ധി നേരിടുകയായിരുന്നു. അവിടെ നിന്ന് അദ്ദേഹം ടീമിനെ ഉടച്ചുവാർത്തു വിദേശ മണ്ണില്‍ വിജയം ശീലമാക്കിയ ഒരു ടീമായി ഇന്ത്യയെ മാറ്റി. 
 
അതിന് മുന്‍പ് വിദേശത്ത് ഇന്ത്യ വിജയിച്ചില്ല എന്ന് പറയുന്നില്ല. പക്ഷേ വിദേശ പര്യടനങ്ങളിൽ വലിയ വിജയങ്ങള്‍ സ്ഥിരതയോടെ സ്വന്തമാക്കിയത് ഗാംഗുലിയുടെ കാലത്താണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003ലെ ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ധോണി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ്. എന്നാല്‍ എന്റെ വോട്ട് ഗാംഗുലിക്ക് തന്നെയാണ്. കാരണം അത്രമാത്രം പ്രതിസന്ധികളിലൂടെ സഞ്ചരിച്ച ടിമിനെ മികച്ച ശക്തിയാക്കി മാറ്റിയെടുക്കാൻ ഗാംഗുലിക്കാണ് സാധിച്ചത്.' പാര്‍ഥിവ് പട്ടേൽ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍