14 ഓവര്‍ തികച്ച് വേണ്ടിവന്നില്ല, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് വിന്‍ഡീസ് പടയോട്ടം

വെള്ളി, 31 മെയ് 2019 (21:08 IST)
പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ക്ക് ഉജ്ജ്വലമായ തുടക്കം കുറിച്ച് വെസ്റ്റിന്‍ഡീസ്. വെറും 105 റണ്‍സിന് പുറത്തായ പാകിസ്ഥാനെ 13.4 ഓവര്‍ മാത്രം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസ് മുട്ടുകുത്തിച്ചു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 108 റണ്‍സെടുത്ത വിന്‍ഡീസിന് വേണ്ടി ക്രിസ് ഗെയ്‌ല്‍ 50 റണ്‍സ് നേടി.
 
വെറും 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത ഒഷെയ്ന്‍ തോമസും മൂന്ന് വിക്കറ്റെടുത്ത ക്യാപ്ടന്‍ ജാസണ്‍ ഹോള്‍ഡറും മൂന്ന് ഓവറില്‍ വെറും നാലുറണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ആന്ദ്രെ റസലുമാണ് വിന്‍ഡീസിന്‍റെ വിജയശില്‍പ്പികള്‍. പാകിസ്ഥാന്‍ നിരയില്‍ 22 വീതം റണ്‍സെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് ടോപ് സ്കോറര്‍മാര്‍. വഹാബ് റിയാസ്(18), മുഹമ്മദ് ഹഫീസ്(16) എന്നിവരും രണ്ടക്കം കടന്നു.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് വേണ്ടി 34 പന്തുകളില്‍ നിന്ന് ആറ്‌ ബൌണ്ടറികളുടെയും മൂന്ന് പടുകൂറ്റന്‍ സിക്സറുകളുടെയും അകമ്പടിയോടെ ക്രിസ് ഗെയ്‌ല്‍ 50 റണ്‍സെടുത്ത് പുറത്തായി. നിക്കോളാസ് പൂരന്‍ 34 റണ്‍സെടുത്തു. ഡാരന്‍ ബ്രാവോ പൂജ്യത്തിന് പുറത്തായി. 36.2 ഓവറുകള്‍ ശേഷിക്കെ പാകിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ഏഴുവിക്കറ്റ് ജയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍