വുഡിന് പകരം ഒലി റോബിൻസൺ, പന്തെറിയാൻ ബെൻ സ്റ്റോക്സും, നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടും കൽപ്പിച്ച്

അഭിറാം മനോഹർ

വ്യാഴം, 22 ഫെബ്രുവരി 2024 (19:17 IST)
ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു.ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. പേസ് ബൗളര്‍ മാര്‍ക്ക് വുഡിന് പകരം ഒലി റോബിന്‍സണും സ്പിന്നര്‍ രെഹാന്‍ അഹ്മദിന് പകരം ഷുഹൈബ് ബഷീറും ടീമിലെത്തി.നാലാം ടെസ്റ്റില്‍ നായകന്‍ ബെന്‍ സ്‌റ്റോക്‌സും ഇംഗ്ലണ്ടിനായി പന്തെറിഞ്ഞേക്കും.
 
കഴിഞ്ഞ ജൂലൈയില്‍ നടന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുതല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പന്തെറിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനായി 197 ടെസ്റ്റ് വിക്കറ്റുകളുള്ള ബെന്‍ സ്‌റ്റോക്‌സ് കൂടി പന്തെറിയുന്നത് ഇംഗ്ലണ്ട് നിരയെ കൂടുതല്‍ സന്തുലിതമാക്കും. അരങ്ങേറ്റ ടെസ്റ്റില്‍ നാല് വിക്കറ്റ് കുറിച്ച ഷോയ്ബ് ബഷീറിനൊപ്പം ടോം ഹാര്‍ട്‌ലിയായിരിക്കും ഇംഗ്ലണ്ട് സ്പിന്‍ നിരയെ നയിക്കുക. പാര്‍ട്ട് ടൈം സ്പിന്നറായി ജോ റൂട്ടും പന്തെറിയും.
 
നിലവില്‍ പരമ്പരയില്‍ 2-1ന് പിന്നിലാണ് ഇംഗ്ലണ്ട്. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര നഷ്ടമാകും. ഈ സാഹചര്യത്തില്‍ നാലാം ടെസ്റ്റില്‍ എന്തുവില കൊടുത്തും വിജയിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍