സുരക്ഷാഭീഷണിയെന്ന് സർക്കാർ: മത്സരത്തിന് തൊട്ടു‌മുൻപ് ടീമിനെ പിൻവലിച്ച് ന്യൂസിലൻഡ്, പാക് പര്യടനം ഉപേക്ഷിച്ചു

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (16:59 IST)
പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പര്യടനം ഉപേക്ഷിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ന്യൂസിലൻഡ് പാക് മണ്ണിൽ പരമ്പരയ്ക്ക് എത്തിയത്. ടീം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. 3 വീതം ടി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുണ്ടായിരുന്നത്.
 
ടീം പാകിസ്ഥാനിൽ തുടരുന്നതിൽ സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാ‌ന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലൻഡ് അധികൃതർ ടീമിനെ തിരികെവിളിച്ചത്. പര്യടനം ഉപേക്ഷിക്കുന്നതായി ന്യൂസിലൻഡ് അധികൃതർ ഔദ്യോഗികമായി അറിയിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.
 
അതേസമയം പര്യടനത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും പാകിസ്ഥാൻ സർക്കാർ ന്യൂസിലൻഡ് താരങ്ങളുടെ സുരക്ഷ വർധിപ്പിക്കാമെന്നും പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ പറഞ്ഞു. ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായും ഇ‌മ്രാൻ ഖാൻ സംസാരിച്ചു. എന്നാൽ ന്യൂസിലൻഡ് സർക്കാർ ഈ വാഗ്‌ദാനം നിരസിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍