ട്വന്റി20 ലോകകപ്പിന്റെ ജേതാക്കൾ ആരെന്നറിയാൻ ഇനി അവശേഷിക്കുന്നതു മൂന്നു മൽസരങ്ങള്‍. ബാറ്റിങ്ങും ബൗളിങ്ങും തമ്മിലുള്ള മത്സരം. ഇന്നു നടക്കുന്ന ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഒന്നാം സെമിഫൈനലിനെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഫൈനലിലേക്ക് ഇടം നേടുന്ന ആദ്യ ടീം ഏതെന്ന് ഇന്നറിയാം.
ന്യൂസിലന്‍ഡ് ബൗളര്‍മാരും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരും തമ്മിലുള്ള പോരാട്ടമാകും ഇന്ന് ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ അരങ്ങേറുക. ചാമ്പ്യന്‍ഷിപ്പില്‍ കിവീസിനെ പോലെ ഇന്ത്യന്‍ പിച്ചുകളെ ഇത്രയേറെ മനസിലാക്കിയ മറ്റൊരു ടീം ഉണ്ടാകില്ല. പിച്ചിന്റെ സ്വഭാവവും സാഹചര്യവും അറിഞ്ഞ് ബൗളിങ് നിരയെ മാറ്റിമാറ്റി പരീക്ഷിച്ചാണ് ടീം അപരാജിതരായി സെമിയില്‍ എത്തിയത്.
സൂപ്പർ ടെന്നിലെ ഗ്രൂപ്പ് രണ്ടിൽ നാലു കളികളും ജയിച്ചാണ് ന്യൂസീലൻഡ് സെമിഫൈനലിൽ ഇടം നേടിയത്. എല്ലാ കളികളും ജയിച്ചെത്തിയ ഏക ടീമും അവർതന്നെ. ഇംഗ്ലണ്ടാകട്ടെ, ഗ്രൂപ്പ് ഒന്നിൽ മൂന്നു കളികൾ ജയിച്ച് ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും സെമിയിലേക്കു മുന്നേറി. ഗ്രൂപ്പ് ജേതാക്കളായ വെസ്റ്റ് ഇൻഡീസിനോടു മാത്രമാണ് ഇംഗ്ലണ്ട് തോൽവി വഴങ്ങിയത്.
ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റാണ് തുടക്കമെങ്കിലും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 230 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ ആഴം വ്യക്‌തമാക്കി. പിന്നീട് അഫ്‌ഗാനിസ്‌താനും ശ്രീലങ്കയ്‌ക്കുമെതിരേ കഠിനാധ്വാനം ചെയ്‌തു നേടിയ ജയങ്ങളോടെയാണ് അവര്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. ബാറ്റിങ് കരുത്തില്‍ കുതിക്കുമ്പോഴും ബൗളിങ് നിരയാണ് ഇംഗ്ലണ്ടിന്റെ മുഖ്യ ദൗര്‍ബല്യം.
ന്യൂസിലന്‍ഡ് ബാറ്റിങ് നിര അത്രകണ്ട് മികച്ച ഫോമിലാണെന്ന് പറയാന്‍ കഴിയില്ല. മാര്‍ട്ടിന്‍ ഗുപ്‌ടില്‍ നേടിയ ഏക അര്‍ധസെഞ്ചുറിയാണ് ടൂര്‍ണമെന്റില്‍ കിവീസിന് അവകാശപ്പെടാനുള്ളത്. കൂടാതെ ടൂര്‍ണമെന്റില്‍ ഇതുവരെ പിന്തുടര്‍ന്നു ജയിച്ച അനുഭവ സമ്പത്തും കിവീസിനില്ല.
ഇതുവരെ വലിയൊരു ടൂർണമെന്റിൽ ജേതാക്കളാകാൻ കഴിയാതെപോയ ന്യൂസീലൻഡിന് അതു മറികടക്കാനുള്ള സുവർണാവസരമാണ് ഇത്തവണ കൈവന്നിരിക്കുന്നത്. ബാറ്റിങ് നിര വലിയ ടോട്ടലുകൾ ഉയർത്തുന്നില്ലെങ്കിലും ബോളർമാരുടെ തകർപ്പൻ പ്രകടനങ്ങൾ അവരെ വേറിട്ട ടീമാക്കുന്നു. മിച്ചൽ സാന്റ്നെറും ഇഷ് സോധിയും ന്യൂസീലൻഡിന്റെ വജ്രായുധങ്ങൾ. അർബുദംമൂലം വിടപറഞ്ഞ മാർട്ടിൻ ക്രോയുടെ ഓർമകൾക്കു മുന്നിൽ സമർപ്പിക്കാൻ ന്യൂസീലൻഡിനുള്ള ഏറ്റവും മികച്ച ആദരവാണു ലോകകപ്പ്.