വീണ്ടും ദുരന്തം; പാക് പേസറുടെ ബൌണ്സര് ഹെല്‍മറ്റിനുള്ളിലൂടെ കണ്ണില്‍ പതിച്ചു, ന്യൂസിലന്‍ഡ് താരം ആശുപത്രിയില്‍
ക്രിക്കറ്റ് ലോകത്ത് നിന്ന് അപകടങ്ങള്‍ വിട്ടൊഴിയുന്നില്ല, ന്യൂസിലന്‍ഡ് ഓള്‍റൌണ്ടര്‍ മിച്ചല്‍ മക്ലെനാണ് പാകിസ്ഥാനാതിരായ ഒന്നാം ഏകദിനത്തില്‍ കണ്ണിന് പരുക്കേറ്റത്. പാക് പേസര്‍ അന്‍വര്‍ അലിയുടെ ബൌണ്സര് ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്തു ഹെല്‍മറ്റിനുള്ളിലൂടെ കയറി കണ്ണില്‍ പതിക്കുകയായിരുന്നു.
പന്ത് കണ്ണില്‍ പതിച്ചതോടെ നിലത്തുവീണ കിവീസ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന്റെ പുരികത്തിനു മുകളില്‍ തുന്നലുണ്ട്. പരുക്ക് ഭേദമാകാന്‍ സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്.
പത്താമനായി ക്രീസിലെത്തിയ മക്ലെനാന് 18 പന്തില്‍ മൂന്ന് ഫോറും രണ്ടു സിക്സറും പറത്തി 31 റണ്‍സോടെ ബാറ്റ് ചെയ്യുമ്പോഴാണ് ഏറുകൊണ്ടത്. ആശുപത്രിയിലേയ്ക്ക് മാറ്റിയ മക്ലെനാന് ബൌള്‍ ചെയ്യാന്‍ എത്തിയുമില്ല. മത്സരം 70 റണ്‍സിനു കിവീസ് വിജയിച്ചു.