'നമ്മള്‍ അത് വിട്ടുകളഞ്ഞു'; കോലി തന്നോട് സംസാരിച്ചതിനെ കുറിച്ച് നവീന്‍ ഉള്‍ ഹഖ്

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (11:34 IST)
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ ഏറ്റവും ഹൃദയ സ്പര്‍ശിയായ രംഗമായിരുന്നു വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള സൗഹൃദ സംഭാഷണം. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഐപിഎല്‍ മത്സരത്തിനിടെ ഇരുവരും ഏറ്റുമുട്ടിയത് ആരാധകര്‍ മറന്നു കാണില്ല. അതിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെയും ഇരുവരും പോര് തുടര്‍ന്നു. ഇപ്പോള്‍ ഇതാ ആ പോരിന് സൗഹൃദപരമായി പര്യവസാനം കുറിച്ചിരിക്കുന്നു. ലോകകപ്പിലെ ഇന്ത്യ-അഫ്ഗാന്‍ മത്സരത്തിനിടെ ഇരുവരും ഹസ്തദാനം നടത്തുകയും സൗഹൃദം പങ്കിടുകയും ചെയ്തു. 
 
മത്സരത്തിനിടെ നവീന്‍ കോലിക്ക് അരികിലേക്ക് ഓടിയെത്തുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. നവീന്റെ തോളില്‍ കൈയിട്ട് കോലിയും സംസാരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മത്സരശേഷവും ഇരുവരും തോളില്‍ കൈയിട്ട് സംസാരിച്ചു. കോലി തന്നോട് എന്താണ് പറഞ്ഞതെന്ന് നവീന്‍ വെളിപ്പെടുത്തി. 
 
' അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്, നല്ലൊരു ക്രിക്കറ്ററും. ഞങ്ങള്‍ പരസ്പരം കൈ കൊടുത്തു. അന്ന് സംഭവിച്ചതെല്ലാം ഗ്രൗണ്ടില്‍ നടന്ന കാര്യങ്ങളാണ്. ഗ്രൗണ്ടിന് പുറത്തേക്ക് അതൊന്നുമില്ല. ആളുകളാണ് ഈ വിഷയം ഊതിപ്പെരുപ്പിച്ചത്. 'നമ്മള്‍ അതെല്ലാം വിട്ടുകളഞ്ഞില്ലേ' എന്ന് കോലി പറഞ്ഞു. 'അതെ നമ്മള്‍ അതെല്ലാം വിട്ടു' എന്ന് ഞാനും. ഞങ്ങള്‍ കൈ കൊടുത്തു, പരസ്പരം ആലിംഗനം ചെയ്തു,' മത്സരശേഷം നവീന്‍ പറഞ്ഞു. 
 
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരമാണ് നവീന്‍ ഉള്‍ ഹഖ്. വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലും. ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിനിടെയാണ് നവീനും കോലിയും സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടത്. മത്സരശേഷം കോലിയുടെ ഹസ്തദാനം നിഷേധിച്ച് നവീന്‍ പോകുന്ന വീഡിയോ ആ സമയത്ത് വൈറലായിരുന്നു
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article