ഇന്ത്യൻ ടീമിന്റെ ഉപദേശകനായി രാഹുൽ ദ്രാവിഡ്
വിദേശ പിച്ചുകളില്‍ മുട്ടിടിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽദ്രാവിഡിനെ ബിസിസിഐ നിയമിച്ചു. ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമിന്റെ ഉപദേശകനായിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഡങ്കൻ ഫ്ളച്ചറിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് ദ്രാവിഡിനെ ഉപദേശകനാക്കുന്നത്.
ഇന്ത്യൻ നായകനായും വിദേശ പിച്ചുകളിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത താരമെന്ന അനുഭവമാണ് ദ്രാവിഡിനെ ഉപദേശകനാക്കാൻ ഫ്ലച്ചറെ പ്രേരിപ്പിച്ചത്. അടുത്ത മാസമാണ് അഞ്ച് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവുമടങ്ങുന്ന പരമ്പരയ്ക്ക് തുടക്കമാകുന്നത്.
ഇംഗ്ളണ്ടിലെ സാഹചര്യങ്ങളോട് ഇന്ത്യന്‍ യുവനിര എങ്ങനെ നേരിടണമെന്ന് മനസിലാക്കാനും ദ്രാവിഡിന്റെ സേവനം സഹായകരമാകുമെന്ന വിലയിരുത്തലാണ് ബിസിസിഐയ്ക്കുള്ളത്. നേരത്തെ ഡങ്കൻ ഫ്ളച്ചറിന് പകരം ഇന്ത്യന്‍ കോച്ചായി രാഹുൽ ദ്രാവിഡിനെ നിയമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനിൽ ഗവാസ്കർ നിർദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം ദ്രാവിഡ് നിരസിക്കുകയായിരുന്നു.