ധോണി പുറത്തായാല്‍ ഇന്ത്യന്‍ ടീമിന് ഉണ്ടാകുന്ന അഞ്ച് നേട്ടങ്ങള്‍
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (15:35 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സമയം മോശമാണെന്നു പറഞ്ഞാല്‍ ശരിയാകില്ല, താരം ടീമില്‍ നിന്ന് പുറത്തേക്കെന്ന് പറയുന്നതാവും കൂടുതല്‍ ശരി. ധോണിയെ നായക സ്ഥാനത്ത് നിന്ന് നീക്കി പകരം യുവതാരം വിരാട് കോഹ്‌ലിയെ നായകനാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുകയാണ്. അതിനിടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയതോടെ നായകനും ഉപനായകനും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്‌തതോടെ കാര്യങ്ങളുടെ ഗതി മാറുകയും ചെയ്‌തു.
ഇന്ത്യന്‍ ടീമില്‍ നിന്ന് പെട്ടെന്ന് പുറത്താക്കാന്‍ പറ്റുന്ന ഒരു വെറും കളിക്കാരനല്ല മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹത്തിന് പറ്റിയ പ്രതിനായകനായി കോഹ്‌ലി കളത്തിലെത്തിയതും ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതുമാണ് ധോണിക്ക് നിലവില്‍ വിനയായി തീര്‍ന്നത്. കൂടാതെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനീഷര്‍ എന്ന ഖ്യാതിയും മഹിയില്‍ നിന്ന് അകന്നു പോയി കൊണ്ടിരിക്കുകയാണ്.
ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തു പോയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ ടീമിന്റെ പ്രകടനത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ നായകന്‍ പുറത്തേക്ക് പോയാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍.
ടീമില്‍ വിരാട് കോഹ്‌ലിക്ക് പ്രാധാന്യം വര്‍ദ്ധിക്കും:-
ധോണി ടീമില്‍ നിന്ന് പുറത്തേക്ക് പോയാല്‍ സ്വാഭാവികമായും കോഹ്‌ലി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിന്റെയും നായകനായി തീരും. ആക്രമണ രീതീയില്‍ ടെസ്‌റ്റ് ക്രിക്കറ്റിനെ സമീപിക്കുകയും സഹതാരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന കോഹ്‌ലി ടീമിന്റെ മുഖഛായ തന്നെ മാറ്റി മറിക്കും.
സഞ്ജു വി സാംസണ് അവസരം ലഭിച്ചേക്കും:-
ധോണി ടീമില്‍ നിന്ന് പുറത്താകുന്നതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം ഉണ്ടായേക്കും. കോഹ്‌ലിയുടെ ഇഷ്‌ടതാരമായ വൃദ്ധിമാന്‍ സാഹ ടെസ്‌റ്റില്‍ വിക്കറ്റ് കീപ്പര്‍ ആകുമെങ്കിലും കീപ്പിംഗിലെ പരാജയം സഞ്ജുവിന് തുണയാകും. ബാറ്റ്‌സ്‌മാനായും വിക്കറ്റ് കീപ്പറായും ഫീല്‍ഡറായും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന താരം എന്ന ഖ്യാതിയും സഞ്ജുവിനെ ഏകദിന ടീമിലെത്താല്‍ തുണയ്‌ക്കും.
സുരേഷ് റെയ്‌നയുടെ കാര്യം തുലാസിലാകും:-
കോഹ്‌ലി നായകനാകുന്നതോടെ ധോണിയുടെ ഇഷ്‌ടതാരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരവുമായ റെയ്‌ന ടീമില്‍ നിന്ന് പുറത്തായേക്കും. കൂടാതെ ‘ഓള്‍ റൌണ്ടര്‍’ എന്ന പേരു മാത്രമുള്ള സ്‌റ്റുവാര്‍ട്ട് ബിന്നിക്ക് പകരമായി ആ സ്ഥാനത്തേക്ക് മറ്റ് താരങ്ങളെ പരീക്ഷിക്കപ്പെട്ടേക്കാം. മറ്റൊരു താരമായ രവീന്ദ്ര ജഡേജ എന്നന്നേയ്‌ക്കുമായി ടീമില്‍ നിന്ന് പുറത്തായേക്കും.
അജിന്‍ക്യാ രഹാനയുടെ സ്ഥിരം സാന്നിധ്യം:-
ടെസ്‌റ്റിലും ഏകദിനത്തിലും ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ മിടുക്കുള്ള താരമാണ് രഹാനെ. മികച്ച പ്രകടനം കാഴ്‌ച വെച്ചിട്ടും ധോണിയുടെ സംഘത്തില്‍ അല്ലെന്ന കാരണത്താല്‍ രഹാനെയെ പലപ്പോഴും തഴയാറുണ്ട്. എന്നാല്‍ രഹാനെയ്‌ക്ക് പിന്തുണ നല്‍കുന്ന കോഹ്‌ലി നായകനായാല്‍ രഹാനെ സ്ഥിരമായേക്കും.
ടീമിന്റെ പ്രകടനം മാറി മറിയും:-
മത്സരങ്ങളോട് കോഹ്‌ലിക്കുള്ള ആക്രമണോത്സകമായ സമീപനം യുവതാരങ്ങള്‍ അണി നിരക്കുന്ന ടീമിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എതിര്‍താരങ്ങളെ വാക്കുകള്‍ കൊണ്ടും നോട്ടം കൊണ്ടും ആക്രമിക്കുന്ന കോഹ്‌ലി എതിരാളികളുടെ മനോനില തെറ്റിക്കുന്നതില്‍ മിടുക്കനാണ്.