വമ്പൻ സ്രാവ് വരുന്നു, സർപ്രൈസുകൾ പ്രതീക്ഷിക്കാം; ത്രിമൂർത്തികളിൽ ആര് നേടും ?

ചിപ്പി പീലിപ്പോസ്

ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (17:50 IST)
ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ നിന്നും ഇന്ത്യൻ ടീം തോറ്റ് പുറത്തായതിനു ശേഷം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല. അതിനുശേഷം അരങ്ങേറിയ ഒരു മത്സരത്തിലും ധോണി പങ്കാളിയായില്ല. നീണ്ട അവധിയെടുത്ത താരം ഇനി എപ്പോൾ തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.  
 
ആ കാത്തിരിപ്പിനു അവസാനം ആകുന്നുവെന്നാണ് സൂചന. ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ധോണി ഇടം പിടിക്കാ‍നാണ് സാധ്യത. ലിസ്റ്റ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടായിരിക്കും ഇന്ത്യയുടെ ടീം പ്രഖ്യാപനം. ആയതിനാൽ സർപ്രൈസ് നിലനിർത്തി തന്നെ ധോണിയുടെ മടങ്ങിവരവ് ഉണ്ടാകാനാണ് സാധ്യത കൂടുതൽ. 
 
വമ്പൻ താരം തിരിച്ചെത്തുമെന്നും തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്കു വിശ്രമം അനുവദിക്കുമെന്നും സൂചനയുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയാണ് കോലി. ഇതിനിടയിൽ ഒരു കളിയിൽ രോഹിതിനു വിശ്രമം നൽകിയിരുന്നു. എന്നാൽ, തുടർച്ചയായുള്ള കളി ടീം നായകനായ കോഹ്ലിയെ തളർത്തിയിരിക്കാമെന്നും കൂടുതൽ വിശ്രമം ആവശ്യമാണെന്നുമാണ് കണ്ടെത്തൽ. 
 
അങ്ങനെയെങ്കിൽ അദ്ദേഹത്തിനു വിശ്രമം നല്‍കിയാല്‍ രോഹിത് ശര്‍മയായിരിക്കും ബംഗ്ലാദേശിനെതിരേ ഇന്ത്യയെ നയിക്കുക. ധോണിയുടെ തിരിച്ച് വരവ് വാർത്തകൾ രോഹിതും ധോണിയും ടീമിനെ വിജയത്തിലേക്ക് നയിക്കും. റാഞ്ചിയിൽ വെച്ച് രവി ശാസ്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിരമിക്കൽ വിവരത്തെ കുറിച്ച് ധോണി വിശദമായി സംസാരിച്ചിരിക്കാമെന്നാണ് ആരാധകർ കരുതുന്നത്. 
 
നിലവിൽ നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. എന്നാൽ, പന്തിന്റെ മോശം ഫോം ഗുണം ചെയ്യുക മലയാളി താരം സഞ്ജു സാംസണെ ആകും. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ മികച്ച പ്രകടനം താരത്തെ തുണയ്ക്കാൻ സാധ്യതയുണ്ട്. ധോണിയോ പന്തോ അതോ സഞ്ജുവോ എന്ന് രണ്ട് ദിവസങ്ങൾക്കകം അറിയാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍