ടീം ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണിക്ക് അത്രശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ടീം ഇന്ത്യയുടെ ടോപ്പില്‍ തന്നെയായിരുന്നു ധോണിയുടെ സ്ഥാനം. എന്നാം ഐസ്കൂളിന്റെ ഈ സ്ഥാനത്തിന് ഇളക്കം തട്ടാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐയുമായുള്ള ടോപ്പ് കരാര്‍ ധോണിക്ക് നഷ്ടമായേക്കുമെന്നാണ് പുതിയ വാര്‍ത്ത.
നിലവില്‍ ടോപ്പ് എ കാറ്റഗറിയിലുള്ള താരമാണ് ധോണി. രണ്ട് കോടിയാണ് ഈ കാറ്റഗറിയിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലതുക. ബി കാറ്റഗറിയിലുള്ളവര്‍ക്ക് ഒരു കോടിയും സി കാറ്റഗറിയിലെ താരങ്ങള്‍ക്ക് അമ്പത് ലക്ഷവുമാണ് പ്രതിഫലത്തുക. ഈ തീരുമാനം പൊളിച്ചെഴുതാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പുതിയ ഘടനയനുസരിച്ച് എ കാറ്റഗറിയുടെ മുകളിലായി എ പ്ലസ് എന്നൊരു കാറ്റഗറി കൂടെയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്ന താരങ്ങളായിരിക്കും എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുക. എന്നാല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിയെ എ പ്ലസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ബിസിസിഐയുടെ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സാണ് ഈ പുതിയ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയും ബിസിസിഐ അധികൃതരെ കണ്ട് താരങ്ങളുടെ പ്രതിഫല തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സി.ഒ.എ രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഘടനയെ കുറിച്ചുള്ള നിര്‍ദ്ദേശം സി.ഒ.എ ബിസിസിഐയ്ക്ക് കൈമാറും. ബോര്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുക.