ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിനു ഇന്നു എട്ടു വയസ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (14:06 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്ന് മറക്കാനാവാത്ത ദിവസമാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ടീമിന്റെ തലവര മാറ്റിമറിച്ച ദിവസം. വമ്പന്‍മാരെ അട്ടിമറിച്ച് പ്രഥമ ട്വന്റി-20 ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയും സംഘവും കിരീടം ചൂടിയ ദിവസം. ആ നേട്ടം കൈവരിച്ചിട്ട് ഇന്ന് എട്ട് വര്‍ഷം തികയുകയാണ്.  

2007 സെപ്റ്റംബര്‍ 24ന് ദക്ഷിണാഫ്രിക്കന്‍ നഗരമായ ജോഹന്നസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചു റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. അവസാന ഓവര്‍ വരെ ആവേശം കത്തിനിന്ന മത്സരത്തില്‍ അവസാന വിക്കറ്റായി മിസ്ബാ ഉള്‍ഹഖിന്റെ ക്യാച്ചെടുത്തു മലയാളത്തിന്റെ സ്വന്തം ശ്രീശാന്തും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

2007 ലോകകപ്പില്‍ ടീം ഇന്ത്യ പ്രാഥമിക റൌണ്ടില്‍ തന്നെ പുറത്തായതിന് ശേഷം നടന്ന കന്നി ട്വന്റി-20 ലോകകപ്പില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ വിട്ടു നിന്നു. ട്വന്റി-20 ടീമില്‍ തങ്ങള്‍ കളിക്കുന്നില്ല എന്നുകൂടി മൂവര്‍ സംഘം വ്യക്തമാക്കിയതോടെ കുഞ്ഞന്‍ ലോകകപ്പിന് ടീമിനെ അയക്കേണ്ട എന്ന് ബിസിസിഐ തീരുമാനിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്‌ടം മനസിലാക്കിയ ഐസിസി ബിസിസിഐയെ വിരട്ടിയപ്പോള്‍ ഇന്ത്യ പ്രഥമ കുട്ടിക്രിക്കറ്റ് ലോകകകപ്പില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കി.

ത്രിമൂര്‍ത്തികള്‍ ഒഴിഞ്ഞു നിന്നതോടെ  എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമിന്റെ നായകനായി ബിസിസിഐ തീരുമാനിച്ചു. ട്വന്റി-20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലെത്തിയ ധോണിപ്പട പ്രവചനങ്ങളെ കാറ്റില്‍ പറത്തി മുന്നേറുകയായിരുന്നു. ആദ്യ റൌണ്ടില്‍ ബോളിംഗ് ഫീല്‍ഡിംഗ് മികവില്‍ ജയം ആവര്‍ത്തിച്ച ഇന്ത്യ അടുത്ത റൌണ്ടില്‍ തകര്‍പ്പന്‍ ബാറ്റിംഗും കാഴ്‌ചവെച്ചു. യുവരാജ് സിംഗിന്റെ ആറ് സിക്‍സറുകളും കങ്കാരുക്കള്‍ക്കെതിരായ സെമിയില്‍ ശ്രീശാന്തിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനവും ചരിത്രമാകുകയായിരുന്നു. പിന്നീട് ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തകര്‍ത്ത് കിരീടം ചൂടുകയും ചെയ്‌തു.   

വെബ്ദുനിയ വായിക്കുക