ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ 2 സെഞ്ചുറിയടക്കം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയതെങ്കിലും യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മടങ്ങിയെത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തില്‍ തര്‍ക്കമില്ലെന്ന് ആരാധകര്‍ പറയുമ്പോഴും ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ തഴയാന്‍ സാധ്യതയില്ലെന്നും ആരാധകര്‍ പറയുന്നു.
എന്നാല്‍ 2024ല്‍ ടി20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിനും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് സഞ്ജു സാംസണ്‍. 2024ല്‍ ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലുമായി ഏറ്റവുമധികം റണ്‍സുകള്‍ നേടിയ ഇന്ത്യൻ ബാറ്ററാണ് സഞ്ജു. വിരാട് കോലി,രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം പിന്തള്ളിയാണ് സഞ്ജുവിന്റെ നേട്ടം.
കണക്കുകള്‍ പ്രകാരം 2024ല്‍ 46.04 ശരാശരിയില്‍ 967 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കാനിരിക്കെ 1000 എന്ന മാര്‍ക്ക് 2024ല്‍ എളുപ്പം മറികടക്കാന്‍ സഞ്ജുവിനാകും. ഈ വര്‍ഷം 921 റണ്‍സ് നേടിയ വിരാട് കോലിയാണ് സഞ്ജുവിന് പിന്നില്‍ രണ്ടാമതുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അഭിഷേക് ശര്‍മ 874 റണ്‍സുമായി ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടി തിളങ്ങിയ തിലക് വര്‍മ 839 റണ്‍സുമായി നാലാം സ്ഥാനത്താണ്.
ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും നേടിയ സെഞ്ചുറികളാണ് സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 3 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ടി20യില്‍ തുടര്‍ച്ചയായി 2 സെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കിയിരുന്നു. ടി20യില്‍ സെഞ്ചുറി നേടുന്‍ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 3 സെഞ്ചുറികള്‍ സ്വന്തമായുള്ള സഞ്ജു ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയ്ക്കും ഗ്ലെന്‍ മാക്‌സ്വെല്ലിനും സൂര്യകുമാര്‍ യാദവിനും പിന്നാലെയായി മൂന്നാം സ്ഥാനത്താണ്. 5 സെഞ്ചുറികളുമായി രോഹിത് ശര്‍മയും ഗ്ലെന്‍ മാക്‌സ്വെല്ലുമാണ് പട്ടികയില്‍ ഒന്നാമത്. നാല് സെഞ്ചുറികളുമായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ലിസ്റ്റില്‍ രണ്ടാമതാണ്.