6 വിക്കറ്റുമായി നിൽക്കുന്ന സിറാജിന് എന്തുകൊണ്ട് 10 ഓവറുകളും നൽകിയില്ല, മറുപടി നൽകി രോഹിത്

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:41 IST)
ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിന്റെ നടുവൊടിക്കുന്ന ബൗളിംഗ് പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് നടത്തിയത്. ജസ്പ്രീത് ബുമ്ര വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കം കുറിച്ചെങ്കിലും മുഹമ്മദ് സിറാജിന്റെ വിനാശകരമായ സ്‌പെല്ലായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രീലങ്കയെ മത്സരത്തില്‍ നിന്നും അകറ്റിയത്. വെറും 15.2 ഓവറില്‍ ശ്രീലങ്ക 50 റണ്‍സിന് പുറത്താകുമ്പോള്‍ 7 ഓവര്‍ ബൗള്‍ ചെയ്ത സിറാജ് 21 റണ്‍സ് വഴങ്ങി 6 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. താരത്തിന് മത്സരത്തില്‍ ഇനിയും വിക്കറ്റുകള്‍ നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും താരത്തിന്റെ സ്‌പെല്‍ 7 ഓവറില്‍ നായകനായ രോഹിത് അവസാനിപ്പിക്കുകയായിരുന്നു. എന്തുകൊണ്ടാണ് താന്‍ ആ തീരുമാനം എടുത്തതെന്ന് മത്സരശേഷം രോഹിത് ശര്‍മ വ്യക്തമാക്കി.
 
മത്സരത്തില്‍ ഇന്ത്യയുടെ ഹീറോ സിറാജായിരുന്നു എന്നതില്‍ സംശയമില്ല. സിറാജ് മത്സരത്തില്‍ 7 ഓവറുകള്‍ ബൗള്‍ ചെയ്ത് കഴിഞ്ഞിരുന്നു. ആദ്യ സ്‌പെല്ലില്‍ ഇത്രയും ഓവറുകള്‍ എന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അധികമാണ്. സിറാജ് ഇനിയും ഓവറുകള്‍ ചെയ്യാനും അവശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷേ ഞങ്ങളുടെ ട്രെയ്‌നറില്‍ നിന്നും കിട്ടിയ സന്ദേശം സിറാജിന്റെ സ്‌പെല്‍ അവസാനിപ്പിക്കാനാണ്.
 
ഏതൊരു ബാറ്ററും ബൗളറും ഇത്തരമൊരു അവസ്ഥയില്‍ മത്സരത്തില്‍ കൂടുതല്‍ നേരം കളിക്കാന്‍ ആഗ്രഹിക്കും. പക്ഷേ എന്റെ ജോലി എന്നത് എല്ലാം ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ തൊട്ടരികെ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാതെ ബൗളര്‍മാര്‍ക്ക് സ്‌ട്രെയിന്‍ കൊടുക്കരുതെന്ന് ട്രെയ്‌നറില്‍ നിന്നും നിര്‍ദേശമുണ്ടായിരുന്നു. സിറാജിന് മറ്റ് ബൗളര്‍മാരേക്കാള്‍ പിച്ചില്‍ നിന്നും മൂവ്‌മെന്റ് ലഭിച്ചു. എല്ലാ മത്സരത്തിലും നമുക്ക് വേറെ വേറെ ഹീറോകളാണ് ഉണ്ടായത്. അക്കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അവരെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് സിറാജിന്റെ ദിവസമായിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍