വീണ്ടുമൊരു ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും, മെന്‍ഡിസിന്റെ പ്രകടനംവെല്ലാലഗെ ആവർത്തിക്കുമോ ? ആശങ്കയിൽ ഇന്ത്യ

ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (13:14 IST)
ഏഷ്യാകപ്പില്‍ എക്കാലത്തും ഫേവറേറ്റ് ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും. പലപ്പോഴും ഇന്ത്യയ്ക്കും പാകിസ്ഥാനും പരസ്പരം മത്സരിക്കാനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് എന്ന് ട്രോളായും മറ്റും കേള്‍ക്കാറുള്ളതാണ്. എന്നാല്‍ ശ്രീലങ്കയുടെ സുവര്‍ണ്ണ തലമുറ കളിക്കുന്ന കാലഘട്ടത്തില്‍ ശക്തമായ പോരാട്ടമായിരുന്നു ഏഷ്യാകപ്പില്‍ നടന്നിരുന്നത്. ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ നിഗൂഡ സ്പിന്നറായി ദുനിത് വെല്ലാലഗെ എന്ന ഇരുപതുകാരന്‍ അവതരിച്ചപ്പോള്‍ താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറിയത്. ബാറ്റ് കൊണ്ടും താരം തിളങ്ങിയപ്പൊള്‍ മത്സരത്തില്‍ പലപ്പോഴും ഇന്ത്യന്‍ ടീം തോല്‍വിയെ കണ്‍മുന്നില്‍ തന്നെ കണ്ടിരുന്നു.
 
ഇന്ന് വീണ്ടുമൊരു ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയ്ക്ക് 2008ലെ ഏഷ്യാകപ്പ് ഫൈനലിലെ ഭീകരമായ ഓര്‍മകള്‍ വേട്ടയാടുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ സ്പിന്നര്‍മാരുള്ള ടീമുകളെല്ലാം മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. അസലങ്ക, വെല്ലാലഗെ അടങ്ങുന്ന ശ്രീലങ്കന്‍ സ്പിന്‍ നിര ഇന്ത്യയ്ക്ക് ഫൈനലില്‍ വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക. 2008ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ അപ്രതീക്ഷിതമായി ഇന്ത്യയ്ക്ക് മുന്നിലെത്തിയ അജാന്ത മെന്‍ഡിസ് എന്ന യുവതാരമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ അടി നല്‍കിയത്.
 
114 പന്തില്‍ നിന്നും 125 റണ്‍സ് നേടിയ ഓപ്പണര്‍ സനത് ജയസൂര്യയുടെയും 56 റണ്‍സ് നേടിയ തിലകരത്‌നെ ദില്‍ഷന്റെയും മികവില്‍ 50 ഓവറില്‍ 273 റണ്‍സാണ് 2009ലെ ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്ക സ്വന്തമാക്കിയത്. ആര്‍പി സിംഗും ഇഷന്ത് ശര്‍മയും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ടും വിരേന്ദര്‍ സെവാഗ് ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഗൗതം ഗംഭീറിന്റെ വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 9 ഓവറില്‍ 76 റണ്‍സ് എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് അജന്ത മെന്‍ഡിസ് അവതരിച്ചത്.
 
ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് സ്‌പെല്ലുകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടൂന്ന സ്‌പെല്ലില്‍ സെവാഗ്,സുരേഷ് റെയ്‌ന,യുവരാജ് സിംഗ്,രോഹിത് ശര്‍മ,ഇര്‍ഫാന്‍ പത്താന്‍,ആര്‍ പി സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ വെറും 13 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. മെന്‍ഡിസിന്റെ മാസ്മരിക പ്രകടനത്തോടെ 274 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത് വെറും 173 റണ്‍സിനാണ്. വീണ്ടുമൊരു ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ വീണ്ടുമൊരുങ്ങുമ്പോള്‍ വെല്ലാലഗെ എന്ന ശ്രീലങ്കന്‍ യുവതാരത്തിനെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര എത്തരത്തിലുള്ള പ്രകടനമാവും നടത്തുക എന്ന ആകാക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍