ആര്‍തറെ പുറത്താക്കും, മിസ്‌ബ പരിശീലകസ്ഥാനത്തേക്ക് - കടുത്ത നീക്കവുമായി പാക് ക്രിക്കറ്റ്
ലോകകപ്പിലെ വമ്പന്‍ തോല്‍വിയില്‍ ശുദ്ധികലശം തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). നിലവിലെ പരിശീലകന്‍ മിക്കി ആര്‍തറെ പുറത്താക്കി മുന്‍ നായകന്‍ മിസബാ ഉള്‍ ഹഖിന് ആ സ്ഥാനം നല്‍കാനാണ് ബോര്‍ഡിന്റെ നീക്കം.
പരിശീലക സ്ഥാനത്ത് രണ്ടുവര്‍ഷം കൂടി തുടരാന്‍ ആര്‍തര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും ബോര്‍ഡിന് താല്‍പ്പര്യമില്ല. അദ്ദേഹത്തിന്റെ കാലാവധി പുതുക്കേണ്ടതില്ലെന്നാണ് പി സി ബിയുടെ തീരുമാനം. പുതിയ വിദേശ പരിശീലകര്‍ വേണ്ടെന്നും മിസ്‌ബയാണ് ഏറ്റവും നല്ല ഓപ്‌ഷനെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിഗമനം.
പരിചയ സമ്പത്ത് ഒന്നുമില്ലെങ്കിലും പരിശീലക സ്ഥാനത്തേക്ക് മിസ്‌ബ മതിയെന്ന് പറയാന്‍ ബോര്‍ഡ് അംഗങ്ങളെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ഇപ്പോഴത്തെ ടീമിലെ ഭൂരിഭാഗം കളിക്കാരും മിസബക്കൊപ്പം കളിച്ചവരുമാണ്. ഇവരുമായി അദ്ദേഹത്തിന് വലിയ അടുപ്പമുണ്ട്. ചിന്തിക്കുന്ന ക്യാപ്റ്റനെന്ന വിശേഷണം പോലും താരങ്ങള്‍ മിസ്‌ബയ്‌ക്ക് നല്‍കുന്നുണ്ട്. ഇതിനാല്‍ തന്നെ എതിര്‍പ്പ് ഉണ്ടാകില്ല. ഈ മാനസിക അടുപ്പം പാക് ക്രിക്കറ്റ് ടീമിന് നേട്ടമാകുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്.