ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും തലയുയർത്തി ന്യൂസിലൻഡ്. മത്സരത്തിൽ ശുഭ്മാൻ ഗില്ലിൻ്റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യയ്ക്ക് മറുപടിയായി 337 റൺസാണ് കിവീകൾ കുറിച്ചത്. ഒരു ഘട്ടത്തിൽ ആറിന് 131 എന്ന നിലയിൽ നിന്നുമാണ് 337 റൺസെന്ന മികച്ച സ്കോറിലേക്ക് ന്യൂസിലൻഡ് എത്തിയത്.
78 പന്തിൽ 140 റൺസ് നേടിയ മൈക്ക ബ്രേസ്വെല്ലാണ് ടീമിന് വിജയപ്രതീക്ഷ നൽകിയത്. ഇതൊടെ ചില റെക്കോർഡുകളും ന്യൂസിലൻഡ് മത്സരത്തിൽ കുറിച്ചു.ആറ് വിക്കറ്റ് നഷ്ടമായ ശേഷം 206 റൺസാണ് ന്യൂസിലൻഡ് കൂട്ടിചേർത്തത്. ആറ് വിക്കറ്റുകൾ നഷ്ടമായ ശേഷം കൂടുതൽ റൺസ് കൂട്ടിചേർക്കുന്ന കാര്യത്തിൽ കിവികൾ രണ്ടാമതെത്തി. 2017ൽ കിവികൾക്കെതിരെ 213 റൺസ് 6 വിക്കറ്റ് നഷ്ടമായ ശേഷം സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ലിസ്റ്റിൽ ഒന്നാമത്.
78 പന്തിൽ 140 റൺസ് സ്വന്തമാക്കിയ മൈക്കൽ ബ്രേസ്വെല്ലും റെക്കോർഡ് പട്ടികയിൽ ഇടം നേടി. ഏഴാം നമ്പറിലോ അതിന് താഴയോ ബാറ്റ് ചെയ്ത് ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കുന്ന പട്ടികയിൽ മൂന്നാമനായി ബ്രേസ്വെൽ ഇടം നേടി. 2015ൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡ് താരം ലൂക്ക് റോഞ്ചി നേടിയ 170 റൺസാണ് ലിസ്റ്റിൽ ഒന്നാമത്. 2017ൽ ന്യൂസിലൻഡിനെതിരെ പുറത്താകാതെ 146 റൺസ് സ്വന്തമാക്കിയ മാർക്കസ് സ്റ്റോയ്നിസാണ് പട്ടികയിൽ രണ്ടാമത്.