ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു

വ്യാഴം, 3 മാര്‍ച്ച് 2016 (08:20 IST)
ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ (53) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണവിവരം ബന്ധുക്കളാണ് പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്സ്മാനുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ.
 
1982ല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ന്യൂസിലന്‍ഡിനു വേണ്ടി 143 ഏകദിനങ്ങളും 77 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 27 ടെസ്റ്റില്‍ നിന്ന് 5446 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 4704 റണ്‍സും സ്വന്തമാക്കിയ ക്രോ 17 ടെസ്റ്റ് സെഞ്ച്വറികളും നേടിയിട്ടുണ്ട്. 1995ല്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയോടെയാണ് ക്രോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
 
ക്രിക്കറ്റിലെ ഏറ്റവും വലിയ പുരസ്കാരമായ വിസ്‌ഡന്‍ അവാര്‍ഡും നേടി. മാർട്ടിൻ ക്രോയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 
 
മുൻ മിസ് യൂനിവേഴ്സ് ലോറൻ ഡൗൺസാണ് ഭാര്യ. മക്കൾ: എമ്മ, ഹിൽട്ടൻ, ജാസ്മിൻ.

വെബ്ദുനിയ വായിക്കുക