Sanju Samson: നന്നായി കളിച്ചാല്‍ ലോകകപ്പ് ടീമില്‍, സഞ്ജുവിന്റെ വിധി ഈ ഐപിഎല്‍ തീരുമാനിക്കും

അഭിറാം മനോഹർ

വെള്ളി, 22 മാര്‍ച്ച് 2024 (18:23 IST)
ഐപിഎല്‍ പതിനേഴാം സീസണിന് ഇന്ന് തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രധാന ശ്രദ്ധ വിക്കറ്റ് കീപ്പര്‍മാരുടെ മുകളിലാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഏകദേശരൂപമായെങ്കിലും ഇപ്പോഴും ടീമിനായി ഒരു വിക്കറ്റ് കീപ്പര്‍ താരത്തെ കണ്ടെത്താന്‍ ബിസിസിഐയ്ക്ക് ആയിട്ടില്ല.ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായി റിഷഭ് പന്ത് മൈതാനത്ത് തിരിച്ചെത്തുമെങ്കിലും വിക്കറ്റ് കീപ്പറായി തന്നെ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. അതിനാല്‍ തന്നെ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഈ ഐപിഎല്‍ സീസണ്‍ നിര്‍ണായകമാകും.
 
ടി20 ക്രിക്കറ്റില്‍ നിരവധി പ്രതിഭകള്‍ ഇന്ത്യന്‍ടീമിലുണ്ടെങ്കിലും എം എസ് ധോനിക്ക് ശേഷം ടി20യില്‍ മികവ് പുലര്‍ത്തുന്ന ഒരു വിക്കറ്റ് കീപ്പര്‍ താരത്തെ കണ്ടെത്താന്‍ ഇന്ത്യയ്ക്കായിട്ടില്ല. ടെസ്റ്റ് ടീമില്‍ കീപ്പറായി മികച്ച റെക്കോര്‍ഡുള്ള റിഷഭ് പന്തിന് ടി20 ഫോര്‍മാറ്റില്‍ പക്ഷേ ദേശീയ ടീമിനായി മികവ് പുലര്‍ത്താനായിട്ടില്ല. ജൂണ്‍ രണ്ടിനാണ് ടി20 ലോകകപ്പിന് തുടക്കമാവുക. മെയ് 2ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഐപിഎല്‍ ആദ്യ ഷെഡ്യൂളിലെ പ്രകടനം തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. നിലവില്‍ സഞ്ജുവിനൊപ്പം ധ്രുവ് ജുറല്‍,ജിതേഷ് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവരെയാണ് ലോകകപ്പ് ടീമിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍