കുമാർ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (16:09 IST)
ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ശേഷം ശ്രീലങ്കയുടെ കുമാർ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് നാളെയെടുക്കും. നേരത്തേ, ലോകകപ്പ് ക്രിക്കറ്റിനു പിന്നാലെ ഏകദിന ക്രിക്കറ്റില്‍നിന്ന് സംഗക്കാര വിരമിച്ചിരുന്നു.

ബുധനാഴ്ച തുടങ്ങുന്ന പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റിലും കളിക്കുമെന്നും അതിനശേഷം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമെന്നുമാണ് കുമാര്‍സംഗക്കാര ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18നാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് നടക്കുക.

130 ടെസ്റ്റില്‍നിന്ന് സംഗക്കാര 12,203 റണ്‍സും 38 സെഞ്ചുറിയും 51 അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. 319 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ടെസ്റ്റിൽ വേഗത്തില്‍ 8000 റണ്‍സും ഒന്‍പതിനായിരം റണ്‍സും തികച്ച ബാറ്റ്സ്മാനാണ് സംഗക്കാര. ടെസ്റ്റില്‍11 ഡബിൾ സെഞ്ചുറി നേടിയ സംഗ, 12 സെഞ്ചുറി നേടിയ ബ്രാഡ്മാനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.