പിഴവുകൾ ആവർത്തിച്ച് കോലി, ഇത്തവണ പുറത്തായത് ജാമിസണിന്റെ ബൗളിംഗ് കെണിയിൽ!! കോലി യുഗം അവസാനിക്കുന്നോ??

ആഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2020 (12:52 IST)
ഇന്ത്യൻ നായകനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ കോലിക്ക് ഇതെന്ത് സംഭവിച്ചു എന്ന ഞെട്ടലിലാണ് ആരാധകർ. 2020 ആരംഭിച്ചത് മുതൽ കാര്യമായ നേട്ടങ്ങൾ ഇല്ലാതെയാണ് കോലിയുടെ വർഷം കടന്നുപോകുന്നത്. ഒപ്പം തുടരെ സമാനമായ രീതിയിൽ ബാറ്റിങ്ങിലും ഇന്ത്യൻ നായകൻ പിഴവുകൾ വരുത്തുന്നു. നേരത്തെ ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന,ടെസ്റ്റ് മത്സരങ്ങളിൽ കോലി നിറം മങ്ങിയെങ്കിലും ടെസ്റ്റ് പരമ്പരയിൽ ഫോമിലെക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ആദ്യദിനം അവസാനിക്കുമ്പോൾ ആരാധകരെ വീണ്ടും നിരാശയിലാഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.
 
ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ വെറും രണ്ടു റണ്‍സിനാണ് ഇന്ത്യൻ നായകൻ പുറത്തായത്. അതും ന്യൂസിലൻഡ് നിരയിലെ പുതുമുഖതാരമായ കെയ്‌ൽ ജാമിസണിന് വിക്കറ്റ് സമ്മാനിച്ചുകൊണ്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലേതിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന പന്തുകള്‍ക്കെതിരേയുള്ള കോലിയുടെ ദൗർബല്യമാണ് ഇത്തവണ ജാമിസൺ മുതലെടുത്തത്. ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ഫുള്‍ലെങ്ത് ബോളില്‍ ഡ്രൈവിന് ശ്രമിച്ചപ്പോൾ ബാറ്റിൽ തട്ടി തെറിച്ച പന്ത് റോസ് ടെയ്‌ലർ സ്ലിപ്പിൽ അനായാസമായി പിടികൂടുകയായിരുന്നു.
 
ഈ വർഷം വളരെ മോശമായ പ്രകടനമാണ് കോലിയിൽ നിന്നുണ്ടായികൊണ്ടിരിക്കുന്നത്.2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നേടിയ 139 റണ്‍സാണ് അവസാനമായി കോലിയുടെ മികച്ച സ്കോർ. തുടർന്ന് 19 മത്സരങ്ങൾ കളിച്ചുവെങ്കിലും ആകെ 3 തവണ മാത്രമാണ് 50 റൺസിന് മുകളിൽ കണ്ടെത്താൻ സാധിച്ചത്.2014ലാണ് ഇതിന് മുമ്പ് കോലിക്ക് ഇതുപോലെ ബാറ്റിംഗില്‍ പരാജയം നേരിടേണ്ടിവന്നത്. 2011ലും ഇതുപോലെ ഇന്ത്യൻ നായകന് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. ആ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ 24 കളികളിലായി ആകെ ഒരു സെഞ്ച്വറി മാത്രമായിരുന്നു കോലി നേടിയത്.
 
ടി20 ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യയെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍